മൂന്ന് വയസ്സുകാരിയെ താരാട്ടുപാടി ഉറക്കിയ ശേഷം തടാകത്തിൽ എറിഞ്ഞ് അമ്മ; കാരണം ലിവ്-ഇൻ പങ്കാളിയുടെ പരിഹാസം

Published : Sep 18, 2025, 02:18 PM IST
mother-throws-child-in-lake

Synopsis

മൂന്ന് വയസ്സുകാരിയെ തടാകത്തിൽ എറിഞ്ഞ് കാണാനില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ലിവ് ഇൻ പങ്കാളിയുടെ പരിഹാസമാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് മൊഴി. 

അജ്മീർ: മൂന്ന് വയസ്സുകാരിയായ മകളെ താരാട്ട് പാടി ഉറക്കിയ ശേഷം തടാകത്തിലെറിഞ്ഞ് അമ്മ. എന്നിട്ട് മകളെ കാണാതായെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ആദ്യ വിവാഹത്തിലുള്ള മകളെ ചൊല്ലി ലിവ്-ഇൻ പങ്കാളി നിരന്തരം പരിഹസിച്ചതിൽ മനംനൊന്താണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി.

ചൊവ്വാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ് ശർമ്മ യുവതിയെ തനിച്ച് കണ്ടത്. രാജസ്ഥാനിലെ അജ്മീറിലെ വൈശാലി നഗറിൽ നിന്ന് ബജ്‌രംഗ് ഗഢിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കണ്ടത്. ചോദിച്ചപ്പോൾ അഞ്ജലി എന്നാണ് പേരെന്നും രാത്രി മകളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയതാണെന്നും വഴിയിൽ വച്ച് മകളെ കാണാതായെന്നും യുവതി പൊലീസിനോട് പറഞ്ഞു.

അഞ്ജലി ശ്രമിച്ചത് കുട്ടിയെ കാണാനില്ലെന്ന് വരുത്തിതീർക്കാൻ

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അഞ്ജലി മകളെ കൈകളിലെടുത്ത് അന സാഗർ തടാകത്തിന് ചുറ്റും നടക്കുന്നത് കണ്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 1:30നുള്ള ദൃശ്യങ്ങളിൽ അഞ്ജലി തനിച്ചായിരുന്നു. ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അഞ്ജലിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ ദൃശ്യം എന്നതിനാൽ പൊലീസ് വിശദമായി ചോദ്യംചെയ്യാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ തടാകത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോൾ അഞ്ജലി കുറ്റം സമ്മതിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് ലിവ്-ഇൻ പങ്കാളിയായ അൽകേഷിനെ വിളിച്ച് അഞ്ജലി കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത്. ആദ്യ വിവാഹത്തിലുള്ള കുട്ടി ആയതിനാൽ അൽകേഷ് നിരന്തരം പരിഹസിക്കാറുണ്ടായിരുന്നെന്ന് അഞ്ജലി മൊഴി നൽകി. ഇതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.

ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ 28 വയസ്സുകാരിയായ അഞ്ജലി, ഭർത്താവുമായി പിരിഞ്ഞ ശേഷം അജ്മീറിലേക്ക് താമസം മാറുകയായിരുന്നു. അജ്മീറിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് അഞ്ജലി. അൽകേഷും ഇതേ ഹോട്ടലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അഞ്ജലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകത്തിൽ അൽകേഷിന് നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം