
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ഞെട്ടിക്കുന്ന സംഭവം. സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് എൻജിനീയർ ജീവനൊടുക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സബർമതി നദിയിൽ ചാടിയാണ് സംഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ബിൽവാര സ്വദേശിയാണ് യുവതി. ആത്മഹത്യാക്കുറിപ്പിലാണ് യുവതി സംഭവം വിവരിച്ചത്. 2022 ഫെബ്രുവരി 10ന് ഭർത്താവ് മരിച്ചത് മുതൽ ഭർതൃവീട്ടുകാർ തന്നോട് സതി അനുഷ്ടിക്കാൻ നിർബന്ധിക്കുകയാണെന്ന് യുവതി ഡയറി കുറിപ്പിൽ വ്യക്തമാക്കി. സമ്മർദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പിൽ വിശദീകരിച്ചു.
ഭർതൃമാതാവിനും മറ്റു നാല് പേർക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസിൽ പരാതി നൽകി. തന്റെ മകൾ ഗാർഹിക പീഡനത്തിനിരയായിരുന്നെന്നും ഇയാൾ പരാതിയിൽ പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം മകൾ മാനസിക പ്രശ്നത്തിലായിരുന്നെന്നും ഇയാൾ പറഞ്ഞു. മെയ് 10നാണ് യുവതിയെ കാണാതാകുന്നത്. പിറ്റേ ദിവസം മൃതദേഹം നദിയിൽ നിന്ന് ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് യുവതി സഹോദരന് ശബ്ദ സന്ദേശവും മെസേജും അയച്ചു. കടുത്ത തീരുമാനം എടുക്കുന്നതിൽ തന്നോട് ക്ഷമിക്കണമെന്നും യുവതി സന്ദേശത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
എൻജിനീയറിങ്ങിൽ പിജി സ്വന്തമാക്കിയ യുവതി ഭർത്താവിന്റെ മരണ ശേഷം സൂറത്തിലെ സ്വവസതിയിലേക്ക് തിരികെ വന്നിരുന്നു. നല്ല വ്യക്തിയാണെന്ന് തെളിയിക്കാൻ ഭർതൃമാതാവും ബന്ധുക്കളും തന്നെ സതി അനുഷ്ടിക്കാൻ നിർബന്ധിച്ചതായി ഡയറിയിലാണ് യുവതി കുറിച്ചിട്ടത്. ഭർത്താവിന്റെ മരണ ശേഷം സൂറത്തിലെ മാളിൽ ജോലി നോക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam