ഉത്തര്‍പ്രദേശില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി

By Web TeamFirst Published Dec 3, 2019, 5:02 PM IST
Highlights
  • ഉത്തര്‍പ്രദേശിലെ സ്കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത എലി
  • ഒമ്പത് കുട്ടികളും ടീച്ചറും ആശുപത്രിയില്‍. 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. ചൊവ്വാഴ്ച മുസാഫര്‍നഗറിലെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച നിരവധി കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എലിയെ കണ്ടെത്തിയത്. 

ആറുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്.  ഹപുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാന്‍ കല്ല്യാണ്‍ സന്‍സ്ത കമ്മറ്റി എന്ന എന്‍ജിഒയാണ് സ്കൂളില്‍ ഭക്ഷണം തയ്യാറാക്കുന്നത്.  ഉച്ചഭക്ഷണം കഴിച്ചവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കും ടീച്ചറിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു. പരിപ്പില്‍ നിന്നാണ് എലിയെ കിട്ടിയതെന്ന് കുട്ടികളില്‍ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അശ്രദ്ധ മൂലമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ റാം സാഗര്‍ ത്രിപാഠി അറിയിച്ചു. എന്‍ജിഒയ്ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!