സിഎഎ പിന്‍വലിക്കും വരെ പോരാട്ടം അവസാനിക്കില്ല; ഇന്നും ജമാ മസ്ജിദില്‍ പോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

By Web TeamFirst Published Jan 17, 2020, 11:28 AM IST
Highlights

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആസാദിനെ സ്വീകരിക്കാന്‍ യുപി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിഹാര്‍ ജയിലിലെത്തി. 

ദില്ലി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ പ്രതികരണം. 'സിഎഎ പിന്‍വലിക്കും ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ദില്ലി ജമാ മസ്ജിദ് സന്ദര്‍ശിക്കും. അതിന് ശേഷം രവിദാസ് ക്ഷേത്രവും ഗുരുദ്വാരയും ക്രിസ്ത്യന്‍ പള്ളിയും സന്ദര്‍ശിക്കും'.-ആസാദ് പറഞ്ഞു. 

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആസാദിനെ സ്വീകരിക്കാന്‍ യുപി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിഹാര്‍ ജയിലിലെത്തി. വഴിയോരങ്ങളില്‍ പടക്കം പൊട്ടിച്ചും ആസാദിന്‍റെ അനുകൂലികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുറത്തിറങ്ങിയ ശേഷം ജോര്‍ ഭാഗ് ദര്‍ഗയിലേക്ക് 100 പേരടങ്ങിയ ചെറിയ മാര്‍ച്ച് നടത്തി. സിഎഎക്കെതിരെ ദില്ലി ജമാ മസ്ജിദില്‍ സമരം ചെയ്യുന്നതിനിടെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഒരുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.

25000 രൂപ കെട്ടിവെച്ചും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ആസാദിന് ജാമ്യം നല്‍കിത്. ഫെബ്രുവരി 16വരെ ദില്ലിയില്‍ ധര്‍ണ സംഘടിപ്പിക്കരുതെന്നും കോടതി ആസാദിനോട് പറഞ്ഞു. 16 കേസുകളാണ് ആസാദിനെതിരെ ചുമത്തിയത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ദില്ലി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ധര്‍ണ നടത്തരുതെന്ന് കോടതി വിലക്കിയത്. 

കോടതി റിമാന്‍ഡ് ചെയ്ത് ആസാദ് പിന്നീട് രോഗബാധിതനായെങ്കിലും കൃത്യമായി ചികിത്സ നല്‍കാന്‍ ദില്ലി പൊലീസ് തയ്യാറാകാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആസാദിന് ദില്ലി എയിംസില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആസാദിന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത ദില്ലി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ ദിവസം കോടതി നടത്തിയത്. ആസാദ് പ്രതിഷേധിച്ച ജമാ മസ്‍ജിദ് പാകിസ്‍ഥാനിലാണോ എന്നും വളര്‍ന്നു വരുന്ന നേതാവായ ആസാദിന് എല്ലാ പൗരന്‍മാരേയും പോലെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. 
 

click me!