
ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ എംപി എ. ഗണേശമൂർത്തി ആശുപത്രിയിൽ. ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. വെന്‍റിലേറ്ററിലുള്ള എംപിയുടെ നില ഗുരുതരമായി തുടരുകയാണ്. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ എ.ഗണേശമൂർത്തിയെ രാവിലെ 9.30ഓടെയാണ് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത അളവിൽ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ തവണ ഈറോഡ് മണ്ഡലത്തിൽ ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച ഗണേശമൂർത്തി 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ മകൻ ദുരൈക്ക് സുരക്ഷിത മണ്ഡലം നൽകാനായി വൈക്കോ ഡിഎംകെയിൽ നിന്ന് തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങി. എംഡിഎംകെയുടെ സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഈറോഡിൽ ഉദയനിധി സ്റ്റാലിന്‍റെ വിശ്വസ്തൻ കെ.ഇ. പ്രകാശിനെ സ്ഥാനാർത്ഥിയുമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. 1998ലെയും 2009ലെയും ലോക്സഭ തെരഞ്ഞെടുപ്പിലും ഗണേശമൂർത്തി വിജയിച്ചിട്ടുണ്ട്..ഡിഎംകെ മന്ത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam