
കൊച്ചി: കുടുംബങ്ങളുടെ ഭീഷണിയെത്തുടർന്ന് ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടിയെത്തിയ മിശ്രവിവാഹിതരായ ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് കേരള പൊലീസിനോട് കേരള ഹൈക്കോടതി. നിലവിൽ ആലപ്പുഴയിലെ കായംകുളത്ത് താമസിക്കുന്ന ആശാ വർമ്മയും മുഹമ്മദ് ഗാലിബും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജാർഖണ്ഡ് പൊലീസിനൊപ്പം അവരുടെ കുടുംബവും കേരളത്തിൽ എത്തി ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ പരാതിയിൽ ആരോപിച്ചു.
ഹർജിക്കാരെ നിർബന്ധിച്ച് സ്വന്തം സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനും ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ചിതാർപൂരിൽ നിന്നുള്ളവരാണ് പരാതിക്കാർ. 10 വർഷമായി പ്രണയത്തിലാണെന്നും ഹർജിക്കാർ പറഞ്ഞു. ദുരഭിമാനക്കൊല ഭയന്ന് ഫെബ്രുവരി 2 ന് കേരളത്തിലേക്ക് താമസം മാറിയെന്നും ഫെബ്രുവരി 11ന് ആചാരപ്രകാരം വിവാഹിതരായെന്നും ഇരുവരും കോടതിയെ അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ കേസെടുക്ക് ആശയെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ കേരളത്തിൽ തുടരുകയാണ് ജാർഖണ്ഡ് പൊലീസ്.
കേരളാ പൊലീസ് തടസ്സം അറിയിച്ചിട്ടും ജാർഖണ്ഡ് പൊലീസ് കായംകുളക്ക് തുടരുകയാണ്. ജാർഖണ്ഡ് ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയും 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് കേരളത്തിൽ എത്തി വിവാഹിതരായത്. ഒരാൾ ഇസ്ലാം മത വിശ്വാസിയും മറ്റൊരാൾ ഹിന്ദുവുമായതിനാൽ നാടും കുടുംബവും ബന്ധത്തിനെതിര് നിന്നു. 45 വയസോളം പ്രായമുള്ളരാളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ പിതാവ് തീരുമാനിച്ചതോടെ വിദേശത്തുള്ള മുഹമ്മദിനെ ആശ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്താൽ ഇരുവരും കേരളത്തിലേക്ക് എത്തുകയും ഫെബ്രുവരി 11ന് വിവാഹിതരാകുകയും ചെയ്തു.