
ദില്ലി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 38 വയസായിരുന്നു. രാവിലെ ആറേ കാലോടെയാണ് പ്രതീക് യാദവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ബിജെപി നേതാവും യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ യാദവാണ് ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രതീകിൻ്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുലായം സിങ് യാദവിൻ്റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. എന്നാൽ രാഷ്ട്രീയത്തിൽ നിന്നും പ്രതീക് അകന്നു നിൽക്കുകയായിരുന്നു. ലീഡ്‌സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ദി ഫിറ്റ്‌നെസ് പ്ലാനെറ്റ് എന്ന ജിം ശൃംഖല നടത്തിവരികയായിരുന്നു.
2011 ലാണ് അപർണ യാദവിനെ പ്രതീക് യാദവ് വിവാഹം കഴിച്ചത്. 2017 ൽ അപർണ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ൽ ഇവർ ബിജെപിയിൽ ചേർന്നു. പിന്നീട് വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സണായി നിയമിക്കപ്പെട്ടു. ഭാര്യയുമായി കുടുംബ പ്രശ്നങ്ങളുണ്ടെന്ന് ഈ വർഷമാദ്യം പ്രതീക് യാദവ് പരസ്യമായി പറഞ്ഞിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡിവോഴ്‌സിനെ പറ്റി ആലോചിക്കുന്നതായും അന്ന് പ്രതീക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഭാര്യക്ക് പ്രശസ്തിയിലും പദവിയിലും മാത്രമാണ് താത്പര്യമെന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam