Mullaperiyar | 'മരംമുറി ഉത്തരവ് റദ്ദാക്കിയത് ഇരട്ടത്താപ്പ്', തമിഴ്നാട് സുപ്രീംകോടതിയിൽ

By Web TeamFirst Published Nov 13, 2021, 9:50 AM IST
Highlights

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ.
 

ദില്ലി: മുല്ലപ്പെരിയാറിലെ വിവാദമരംമുറി ഉത്തരവ് സുപ്രീംകോടതിയിൽ ഉയർത്താൻ തമിഴ്നാട്. മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതിൽ ഇന്ന് കോടതി തീരുമാനം എടുത്തേക്കും. 

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയെന്നും കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകി. 

മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്‍റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിക്കുന്നുണ്ട്. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്‍റെ ജോയന്‍റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്‍റെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിട്ടുണ്ട്. 

മുല്ലപ്പെരിയാറിലെ മരംമുറിയിൽ സർക്കാരിനെ വെട്ടിലാക്കി മരംമുറിക്ക് അനുമതി നൽകാൻ സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചുവെന്ന് സർക്കാരിന്‍റെ തന്നെ നോട്ട് പുറത്തുവന്നിരുന്നു. ഈ നോട്ട് സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമർപ്പിച്ചതാണ്. മുല്ലപ്പെരിയാറിലെ മരം മുറി തീരുമാനം അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സംസ്ഥാന സര്‍ക്കാരിന് ഈ നോട്ട് പുറത്തുവന്നത് വൻ തിരിച്ചടിയായിരുന്നു. രം മുറിക്ക് അനുമതി നൽകാനാകില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വനം വകുപ്പ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ നോട്ടിൽ മരം മുറി അനുമതിയെ കുറിച്ചാണ് പറയുന്നത്. 

ബേബിഡാമിന്‍റെ ബലപ്പെടുത്തലിനെക്കുറിച്ചും അതിനായി മരങ്ങൾ മുറിക്കുന്നതിനെക്കുറിച്ചുമാണ് പുറത്തുവന്ന നോട്ടിന്‍റെ നാലാമത്തെ പേജിൽ ആറാമത്തെ വിഷയമായി പറയുന്നത്. തമിഴ്നാടിന്‍റെ മരംമുറി ആവശ്യങ്ങൾ സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തിൽ അംഗീകരിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. മരംമുറിക്കുള്ള അനുമതിക്കായി തമിഴ്നാടിനോട് നിശ്ചിത ഫോര്‍മാറ്റിൽ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല എന്നുകൂടി കേരളം പറയുന്നുണ്ട്. പിന്നീട് നവംബര്‍ 6 നാണ് മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. 

അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സർക്കാർ മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് തിരുത്ത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശിച്ചത്.

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് വെള്ളിയാഴ്ചയാണ് മരംമുറിക്ക് അനുമതി നൽകുന്നത്. പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് ഒന്നാം ചോദ്യം. ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് നവംബർ ഒന്നിന് വിളിച്ച യോഗതീരുമാനപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്‍റെ പകർപ്പും ടി കെ ജോസിന് വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജോസ് എന്ത് കൊണ്ട് ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിച്ചില്ല എന്നുള്ളത് രണ്ടാമത്തെ ചോദ്യം.  തമിഴ്നാട് മുഖ്യമന്ത്രി അറിഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും വനം ജലവിഭവ മന്ത്രിമാരും ഇതറിയാതെ പോയത് എന്ത് കൊണ്ട് എന്നുള്ളത് മൂന്നാം ചോദ്യം. 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന് നന്ദി അറിയിച്ച് കത്ത് നൽകിയതോടെ മാത്രം കേരള മുഖ്യമന്ത്രി അറിയുന്ന നിലയിലേക്ക് എങ്ങിനെ കാര്യങ്ങൾ എത്തി എന്നുള്ളതാണ് ഏറ്റവും വലിയ ദുരൂഹത. സെക്രട്ടറിമാരെ ഒഴിവാക്കി നടപടി ബെന്നിച്ചനിൽ മാത്രം ഒതുങ്ങുന്നതിലും സർക്കാർ വിശദീകരണമില്ല.

click me!