
മുംബൈ: മുംബൈ തീരത്ത് മീന്ന് മാസത്തോളം കപ്പലുകളിൽ കുടുങ്ങിയ 50 ഇന്ത്യൻ നാവികർക്ക് ഒടുവിൽ മോചനം. ഭക്ഷണവും വെള്ളവും ഇല്ലാതെ മാസങ്ങളോളം പട്ടിണിയും ദാഹവും അനുഭവിച്ച നാവികർക്ക് മുംബൈ ഹൈക്കോടതി ഇടപെടലിലാണ് മോചനത്തിന് വഴിയൊരുങ്ങിയത്. മൂന്ന് മാസത്തോളം ഇവർ നരകതുല്യമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. കോടതി ഉത്തരവിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നടപടികൾ പൂർത്തിയാക്കി കടലിന് പുറത്തേക്ക് കടക്കാനായത്. കപ്പൽ ഉടമസ്ഥർ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ജീവനക്കാർ കടുത്ത പ്രതിസന്ധിയിലായത്. കപ്പലിന് സമീപത്ത് കൂടി പോയിരുന്ന മത്സ്യബന്ധന തൊഴിലാളികളാണ് ദയ തോന്നി നാവികർക്ക് ഇടയ്ക്ക് അരിയും പരിപ്പും അടക്കമുള്ളവ എത്തിച്ചിരുന്നതെന്നാണ് കപ്പലിലെ ചീഫ് ഓഫീസറായ വിപുൽ ശ്രീവാസ്തവ ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്.
ഫെബ്രുവരി 9നാണ് നാവികരുടെ ദുരിതം ആരംഭിച്ചത്. എംടി അസ്ഫാൾട്ട് സ്റ്റാർ, എം ടി സ്റ്റെല്ലാർ റൂബി, എം ടി അൽ ജഫ്സിയ എന്നീ കപ്പലുകളെയാണ് തടഞ്ഞുവച്ചത്. അനധികൃതമായി കടലിൽ വച്ച് ഇന്ധനം കൈമാറ്റം ആരോപിച്ചായിരുന്നു നടപടി. കപ്പലുകളുടെ ഉടമ ജോഗേന്ദർ സിംഗ് ബ്രാർ ഏപ്രിൽ മുതൽ കപ്പലിലേക്ക് അവശ്യവസ്തുക്കൾ വാങ്ങാനുള്ള പണം കൂടി നൽകാതെയായതോടെ നാവികർ നടുക്കടലിൽ ആയ സ്ഥിതിയായി. ഇതോടെയാണ് കപ്പൽ ജീവനക്കാർ കോടതിയെ സമീപിച്ചത്. 40 വർഷമായി സസ്യാഹാരിയായിരുന്ന ഗോപാൽ ദാസിന് ജീവൻ നിലനിർത്താൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ കടലിൽ നിന്ന് പിടികൂടിയ മത്സ്യം അടക്കമുള്ളവ കഴിക്കേണ്ടി വന്നു. കടലിലെ കൊടും ചൂടിനിടയിലും ദിവസം 300 മില്ലി വെള്ളം മാത്രമായിരുന്നു കുടിക്കാനായി നാവികർക്ക് ലഭിച്ചിരുന്നത്. കുളിക്കാൻ കടൽ ജലം ഉപയോഗിച്ചുവെന്നും നാവികർ മാധ്യമങ്ങളോട് വിശദമാക്കി.
ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിനാൽ പലരുടെയും ശരീരഭാരം കുത്തനെ കുറയുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. മാസങ്ങളോളം കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതും ശമ്പളം മുടങ്ങിയതും ഇവരെ മാനസികമായി തളർത്തി.ഡീസൽ സപ്ലൈ കൂടി നിലച്ചതോടെ കപ്പൽ ഇരുട്ടിലുമായി. കള്ളക്കടത്ത്, ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഷിപ്പിംഗ് ആൻഡ് പെട്രോളിയം നിയമങ്ങൾ അനുസരിച്ചാണ് കേസ് എടുത്തിരുന്നത്. ഈ കപ്പലുകൾ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായാണ്അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നിലവിൽ കരയ്ക്കെത്തിയ ജീവനക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam