ഇരട്ട സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ ജാഗ്രത; അന്വേഷണത്തിന് എൻഐഎ; അവകാശവാദവുമായി ഖലിസ്ഥാൻ ലിബറേഷൻ ആർമി

Published : May 06, 2026, 12:24 PM IST
Punjab Twin Blast

Synopsis

പഞ്ചാബിലെ സ്ഫോടനങ്ങളിൽ എൻഐഎ സംഘം അന്വേഷണം നടത്തും. സ്ഫോടനം നടന്ന ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥരെത്തും. സംസ്ഥാന അന്വേഷണ ഏജൻസികളുമായി സഹകരിച്ചായിരിക്കും എൻഐഎ അന്വേഷണം നടത്തുക. 

ദില്ലി: പഞ്ചാബിൽ സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തും. സ്ഫോടനം നടന്ന ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽനിന്ന് ഫൊറൻസിക് തെളിവുകളടക്കം ശേഖരിക്കുന്ന എൻഐഎ സംഘം, സംഭവത്തിൽ അന്വേഷണമാരംഭിച്ച സംസ്ഥാന ഏജൻസികളുമായി സഹകരിക്കും. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ അമൃത്സർ പോലീസ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ പൊതുജനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ച് നിരീക്ഷണം നടത്തുന്നതിനായി റോഡുകളും അടച്ചിട്ടുണ്ട്.

അമൃത്സറിലെ കൻ്റോൺമെൻ്റ് മേഖലയ്ക്ക് സമീപമുള്ള ഖാസയിൽ ചൊവ്വാഴ്ച രാത്രി 10:50 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഉടൻതന്നെ പോലീസും കൻ്റോൺമെൻ്റ് മേഖലയിൽ ക്യാമ്പ് ചെയ്യുന്ന കരസേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ഇതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ജലന്ധറിൽ പൊട്ടിത്തെറി ഉണ്ടായത്. വൈകുന്നേരം എട്ടുമണിയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സ്കൂട്ടർ ഉടമയും കൊറിയർ ഡെലിവറി ജീവനക്കാരനുമായ ഗുർപ്രീത് സിങ്ങിന് (22) നേരിയ പരിക്കേറ്റു.

സംഭസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു. അതിനിടെ, ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി (കെഎൽഎ) ഏറ്റെടുത്തതായി പഞ്ചാബ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പാകിസ്താനിലെ അധോലോക നേതാവായ ഷഹസാദ് ഭട്ടിക്ക് സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് പാട്യാലയിലെ രാജ്പുരയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടന ശ്രമം നടന്നതിന് പിന്നാലെയാണ് ഇരട്ട സ്ഫോടനങ്ങൾ ഉണ്ടായിരിക്കുന്നത്.

എഎപി സർക്കാരിനെതിരെ പ്രതിപക്ഷം

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച്, ഭരണകക്ഷിയായ എഎപിയെ ഉന്നമിട്ട് പ്രതിപക്ഷം രംഗത്തെത്തി. സംഭവങ്ങൾ ഗുരുതരമാണെന്നും വിശദമായ അന്വേഷണം നടത്താതെ അധികൃതർ തിടുക്കപ്പെട്ട് നിഗമനങ്ങളിലേക്ക് എത്തുകയാണെന്നും ശിരോമണി അകാലി ദൾ ആരോപിച്ചു. ബിജെപിയും സമാന ആരോപണവുമായി രംഗത്തെത്തി.

സ്ഫോടനങ്ങളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാജ് കുമാർ രംഗത്തെത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതുകൊണ്ടാണ് എല്ലാം സംഭവിക്കുന്നത്. ഈ സ്ഥലം കേന്ദ്രസർക്കാരിന് കീഴിലാണ് വരുന്നത്. ഇവിടുത്തെ സാഹചര്യം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ സാധിക്കുന്നില്ല. പഞ്ചാബിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ പഞ്ചാബ് സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രതാപ് ബാജ്വയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീനന്ദർ സിങ് രാജാ വാരിങ്ങും രംഗത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ അതിനാടകീയ നീക്കങ്ങൾ, വിജയ് ആരെ തെരഞ്ഞെടുക്കും? കോൺഗ്രസിനെയോ എഐഎഡിഎംകെയെയോ?; തിരക്കിട്ട ചർച്ചകളിൽ ടിവികെ
'അധികാരം പോയാലും സ്റ്റാലിനൊപ്പം; 'ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം തന്നെ', ഡിഎംകെ മുന്നണി വിടില്ലെന്ന് മുസ്ലിം ലീഗ്