
മുംബൈ: ലിവ് ഇൻ റിലേഷൻഷിപ്പിൽ ജനിച്ച കുട്ടികളുടെ സ്വാഭാവിക രക്ഷാകർതൃത്വത്തിന് കൂടുതൽ അവകാശമുള്ളത് സ്ത്രീകൾക്കാണെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ന്യൂസിലന്റ് സ്വദേശിനിയായ സ്ത്രീയുമായുള്ള ബന്ധത്തിൽ പിറന്ന പ്രായപൂർത്തിയാകാത്ത മകനെ വിട്ടു കിട്ടണമെന്ന പൂനെ സ്വദേശിയുടെ അപേക്ഷ തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. 2008ലാണ് ന്യൂസിലാന്റ് സ്വദേശിനിയായ യുവതിയുമായി ഇയാൾ പരിചയപ്പെടുന്നത്. 2012 ജൂൺ വരെ ഇവർ ഒന്നിച്ചു താമസിച്ചു. പിന്നീട് വേർപിരിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് മകൻ ജനിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഇയാൾ പൂനെയിലം കുടുംബകോടതിയെ സമീപിച്ചിരുന്നു. കുട്ടിയെയും കൊണ്ട് മുൻപങ്കാളിയായ സ്ത്രീ ന്യൂസിലന്റിലേക്ക് പോകാൻ തീരുമാനിച്ച വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. കുട്ടിയുടെ രക്ഷാകർത്താവാകാൻ സ്ത്രീക്ക് കഴിയില്ലെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല ഇന്ത്യയിൽ നിന്ന് കുട്ടിയെ കൊണ്ടുപോകുന്നതിന് വിലക്ക് നൽകണമെന്നും ആവശ്യമുന്നയിച്ചിരുന്നു.
കുടുംബകോടതി അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. വിവാഹത്തിലൂടെയല്ല, പ്രണയബന്ധത്തിൽ നിന്നാണ് കുട്ടി ജനിച്ചതെന്നാണ് യുവാവിന്റെ വാദം. കുട്ടിയുടെ നിയമപരമായ അവകാശം ആദ്യമെത്തുന്നത് അമ്മയ്ക്കാണ്. കുഞ്ഞിന്‍റെ സ്വാഭാവിക രക്ഷിതാവ് അമ്മയാണ്. വിവാഹിതനാണെങ്കിലും അല്ലാതെയാണെങ്കിലും പിതാവിന് സ്വാഭാവിക രക്ഷകര്‍തൃത്വത്തില്‍ രണ്ടാമതാണ്. അതിനാൽ ഇയാൾക്ക് അപേക്ഷ ഉന്നയിക്കാൻ അവകാശമില്ലെന്നാണ് കോടതിയുടെ കണ്ടത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam