'വാടകവീട്ടിലേക്ക് മടങ്ങാനാകില്ല'; ട്രെയിന്‍ റദ്ദാക്കിയതോടെ പെരുവഴിയിലായി മുംബൈയിലെ അതിഥി തൊഴിലാളികള്‍

By Web TeamFirst Published May 23, 2020, 2:13 PM IST
Highlights

'എന്‍റെ വീട്ടുടമ വാടക ചോദിച്ചു. മറ്റൊരു മാര്‍ഗ്ഗം കാണുന്നതുവരെ ഈ തെരുവില്‍ കഴിയുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ല'' - ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി പറ‌ഞ്ഞു. 

മുംബൈ: മുംബൈയിലെ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി വദാലയിലെ പൊലീസ് സ്റ്റേഷന് സമീപത്തെ നടപ്പാതയിലും റോഡിലുമായി കഴിഞ്ഞുകൂടുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ദ്ദേശിച്ച സാമൂഹിക അകലം പാലിക്കാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ സംവിധാനമുണ്ടെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് അതുവരെ താമസിച്ചിരുന്ന വാടക വീട് വിട്ട് ഉണ്ടായിരുന്നതെല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയവാണ് ഇവര്‍. എന്നാല്‍ താല്‍ക്കാലികമായാണെങ്കിലും ഉണ്ടായിരുന്നതെല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പോഴാണ് ട്രെയിന്‍ റദ്ദാക്കിയെന്ന് അധികൃതര്‍ ഇവരെ അറിയിച്ചത്. 

ഇതോടെ തിരിച്ച് പോകാന്‍ പോലും വഴിയില്ലാതെ തെരുവിലായിരിക്കുകയാണ് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍. ''എന്‍റെ വീട്ടുടമ വാടക ചോദിച്ചു. മറ്റൊരു മാര്‍ഗ്ഗം കാണുന്നതുവരെ ഈ തെരുവില്‍ കഴിയുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ല'' - ആള്‍ക്കൂട്ടത്തിലുള്ള ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി പറ‌ഞ്ഞു. ''എനിക്ക് പോകേണ്ടത് ഉത്തര്‍പ്രദേശിലേക്കാണ്. എല്ലാദിവസവും ട്രെയിന്‍ റദ്ദാക്കിയെന്നാണ് ഞങ്ങളോട് പറയുന്നത്. ഞങ്ങള്‍ക്ക് ഭക്ഷണമില്ല. വീട്ടുടമസ്ഥര്‍ ഞങ്ങളെ തിരിച്ചുകയറ്റില്ല. ഞങ്ങളെന്ത് ചെയ്യും ?'' - ഉത്തര്‍പ്രദേശ് സ്വദേശിയായ വിരേന്ദ്രകുമാര്‍ പറഞ്ഞു. 

ഞങ്ങളെ വിളിക്കാന്‍ അവരൊരു മെസ്സേജ് ഇട്ടു, എന്നാല്‍ ട്രെയിന്‍ റദ്ദാക്കിയെന്ന് അറിയിക്കാന്‍ അവര്‍ വിളിച്ചില്ല. ഇന്ന് രാവിലെ അവര്‍ വിളിച്ചിട്ട് ട്രെയിനുണ്ടെന്ന് പറഞ്ഞു. ഇവിടെ എത്തിയപ്പോള്‍ പറയുന്നു ട്രെയിന്‍ റദ്ദാക്കിയെന്ന്'' -  മറ്റൊരു തൊഴിലാളി പറഞ്ഞു. ലോക്ക്ഡ‍ൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് മാര്‍ച്ച്  മുതല്‍ ദുരിതമനുഭവിക്കുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള  തങ്ങളുടെ വീടുകളിലേക്ക് കാല്‍ നടയായും സൈക്കിളിലും മടങ്ങിയവരില്‍ നിരവധി പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മടക്കയാത്രയില്‍ മാത്രം 50 ലേറെ പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

click me!