88 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ പൊലീസില്‍ വീണ്ടും 'കുതിരക്കുളമ്പടി'

By Web TeamFirst Published Jan 20, 2020, 8:29 AM IST
Highlights

എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താനൊരുങ്ങി മുംബൈ പൊലീസ്.

മുംബൈ: എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താന്‍ മുംബൈ പൊലീസ്. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ് നടത്താനായി പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ 1932 മുതലാണ് മുംബൈയില്‍ കുതിരപ്പുറത്തുള്ള  പട്രോളിങ് നിര്‍ത്തലാക്കിയത്. ജീപ്പുകളും മോട്ടോര്‍സൈക്കിളുകളും മുംബൈ പൊലീസിന് ഉണ്ടെങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക പൊലീസ് യൂണിറ്റിനെ നിയമിക്കുമെന്ന് അനില്‍ ദേശ്മുഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള പട്രോളിങ് സഹായിക്കുമെന്നും 30 പൊലീസുകാര്‍ക്ക് തുല്യമാണ് ഒരു കുതിരപ്പുറത്തുള്ള ഒരു പൊലീസുകാരനെന്നാണ് പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: '50 രൂപയ്ക്ക് തരാം'; വിദേശ ഉള്ളി വാങ്ങാനാളില്ല, ഇറക്കുമതി ചെയ്തത് 34,000 ടൺ

സബ് ഇന്‍സ്പെക്ടര്‍, ഒരു അസിസ്റ്റന്‍റ് പിഎസ്ഐ, നാല് ഹവീല്‍ദാര്‍മാര്‍, 32 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കൊപ്പമാകും 30 കുതിരകളെ കൂടി വിന്യസിക്കുക. അടുത്ത ആറുമാസത്തിനകം ഇത് പ്രായോഗിമാക്കും. ഇപ്പോള്‍ 13 കുതിരകളാണുള്ളത്. പൂനെ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും കുതിരപ്പുറത്തുള്ള പട്രോളിങ് നടത്തും. 
 

click me!