ദില്ലി: ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ഉള്ളിക്ക് ആവശ്യക്കാരില്ല. കേന്ദ്രസര്‍ക്കാരിന്റെ ഗോഡൗണിൽ മാത്രം ഇരുപത്തിരണ്ടായിരം ടണ്ണാണ് കെട്ടിക്കിക്കുന്നത്. വിദേശ ഉള്ളിയുടെ രുചിയാണ് വില്ലനായത്. രാജ്യത്ത് ഉള്ളി കിട്ടാക്കനിയായതോടെ തുർക്കി, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നായി മുപ്പത്തിനാലായിരം ടണ്ണാണ് ഇറക്കുമതി ചെയ്തത്. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചായിരുന്നു കേന്ദ്ര നടപടി. എന്നാല്‍ വിദേശ ഉള്ളിയുടെ രുചി പിടിക്കാതായതോടെ ആവശ്യക്കാരില്ലാതായി. 

രണ്ടായിരം ടണ്‍ മാത്രമാണ് വിറ്റുതീര്‍ക്കാനായത്. കിലോയ്ക്ക് 120 രൂപയായി വില്‍ക്കാൻ നിശ്ചയിച്ചിരുന്ന ഉള്ളി 50 രൂപക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ആര്‍ക്കും വേണ്ട. മഹാരാഷ്ട്ര, കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടർന്നാണ് രാജ്യത്ത് ഉള്ളി കിട്ടാതായത്. 

Read more at:  ആയുധധാരികളായ ആറംഗ സംഘം ട്രക്ക് കൊള്ളയടിച്ച് 3.5 ലക്ഷം രൂപയുടെ ഉള്ളി കവര്‍ന്നു...
 

ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് നഷ്ടം കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. പൊതുവിപണിയിൽ കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപയാക്കി സ്റ്റോക്ക് തീർക്കാനും ആലോചനയുണ്ട്. രണ്ട് മാർഗ്ഗം സ്വീകരിച്ചാലും ഇറക്കുമതി ചെയ്യാനെടുത്ത ചെലവ് നികത്താനാകുമോ എന്ന ആശങ്കയിലാണ് കേന്ദ്രം.