ജാമ്യം അനുവദിച്ചിട്ടും വിട്ടയക്കാതെ അധികൃതർ, ഒടുവിൽ സുപ്രീം കോടതി ജഡ്ജി ഇടപെട്ടു; മുനവർ ഫറൂഖിക്ക് ജയിൽ മോചനം

By Web TeamFirst Published Feb 7, 2021, 9:37 AM IST
Highlights

ജാമ്യം അനുവദിച്ച ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുനവറിനെ ജയിൽ അധികൃതർ വിട്ടയച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതി ജഡ്ജി ഇൻഡോർ സിജെ എമ്മിനെ ഫോണിൽ വിളിക്കുകയും വിധി വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ദില്ലി: സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച സ്റ്റാന്റപ്പ് കൊമേഡിയൻ മുനവർ ഫറൂഖി ജയിൽ മോചിതനായി. ഇൻഡോർ സിജെഎമ്മിനെ സുപ്രീം കോടതി മുതിർന്ന ജഡ്ജി ഫോൺ വിളിച്ചതിന് ശേഷമാണ് മുനവർ ഫറൂഖിയെ വിട്ടയക്കാൻ ജയിൽ അധികൃതർ തയ്യാറായത്. ജാമ്യം അനുവദിച്ച ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുനവറിനെ ജയിൽ അധികൃതർ വിട്ടയച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതി ജഡ്ജി ഇൻഡോർ സിജെ എമ്മിനെ ഫോണിൽ വിളിക്കുകയും ഇടക്കാല ജാമ്യം അനുവദിച്ച വിധി വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. 

ഹിന്ദു ദൈവങ്ങളെയും അമിത്ഷായെയും ഹാസ്യപരിപാടിയിൽ അപമാനിക്കുന്നു എന്ന ബിജെപി എംഎൽഎയുടെ മകന്‍റെ പരാതിയിലായിരുന്നു മുനവറിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു അറസ്റ്റെന്ന് സുപ്രീംകോടതി ജാമ്യം അനുവദിച്ച വിധിയിൽ വിമര്‍ശിച്ചു. 

മതവികാരം വൃണപ്പെടുത്തൽ, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുചുമത്തിയായിരുന്നു കേസ്. മധ്യപ്രദേശ് ഹൈക്കോടതിയടക്കം നാല് കോടതികൾ മുനവറിന്‍റെ ജാമ്യാപേക്ഷ തള്ളി. അതിനെതിരെ ആയിരുന്നു  സുപ്രീംകോടതിയിലെ ഹർജി. 2014 ലെ സുപ്രീംകോടതി വിധി അനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു അറസ്റ്റെന്ന് വിര്‍ശിച്ചാണ് മുനവറിന് ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ജാമ്യം നൽകിയത്. 

click me!