അഭിഭാഷകന്‍ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി കോടതിക്കുള്ളില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം

By Web TeamFirst Published Jan 8, 2020, 5:38 PM IST
Highlights

അഭിഭാഷകര്‍ റോഡ് ഉപരോധിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു...
 

ലക്നൗ: ചൊവ്വാഴ്ച രാത്രിയില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലക്നൗവില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം. കൊല്ലപ്പെട്ട അഭിഭാഷകന്‍റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിക്കുള്ളില്‍ പ്രതിഷേധിച്ചു. 

പ്രതിഷേധം രണ്ടുമണിക്കൂറോളം തുടര്‍ന്നു. പിന്നീട് സംസ്കാരച്ചടങ്ങുകള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അഭിഭാഷകര്‍ റോഡ് ഉപരോധിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

ലക്നൗവിലെ വീടിന് മുന്നില്‍ വച്ചാണ് 32 കാരനായ ശിശിര്‍ ത്രിപതി കൊല്ലപ്പെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രി കല്ലെറിഞ്ഞും വടികൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചുമാണ് കൊന്നത്. കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നാണ് ലക്നൗ  പൊലീസ് പറയുന്നത്. നാല് പേര്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ പ്രതി അഭിഭാഷകനാണ്. 

രണ്ട് അഭിഭാഷകര്‍ തമ്മില്‍ ബിസിനസ് നടത്തിയിരുന്നെന്നും ഇതിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലെത്തിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രദേശത്തെ ഒരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നിന്നതിനാണ് ത്രിപതിയെ കൊന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒരാള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. ഇത് ത്രിപതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ശരത് ത്രിപതി പറഞ്ഞു. 

click me!