'നിങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കരുത്'; സിപിഎമ്മിന് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

By Web TeamFirst Published Jan 8, 2020, 5:09 PM IST
Highlights

പണിമുടക്കിന്‍റെ മറവില്‍ അക്രമം നടത്തരുതെന്ന് സിപിഎമ്മിനോട് അപേക്ഷിക്കുകയാണ്. ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയാണ്. ഇത് സിപിഎമ്മിന്‍റെ 'ദാദാഗിരി'യാണ്, സമരമല്ല. 

കൊല്‍ക്കത്ത: പൊതുപണിമുടക്ക് ദിനത്തില്‍ സിപിഎമ്മിനതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കരുതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പണിമുടക്കിന്‍റെ മറവില്‍ അക്രമം നടത്തരുതെന്ന് സിപിഎമ്മിനോട് അപേക്ഷിക്കുകയാണ്. ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയാണ്. ഇത് സിപിഎമ്മിന്‍റെ 'ദാദാഗിരി'യാണ്, സമരമല്ല. താനിതിനെ അപലപിക്കുകയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. 

ബുധനാഴ്ച നടന്ന പണിമുടക്കിനെ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ പണിമുടക്കിനോട് യോജിക്കാനാവില്ല. അതേ സമയം, സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കി. ബംഗാളില്‍ നിര്‍ബന്ധ പൂര്‍വം പണിമുടക്ക് അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മമത പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലും പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയിലും പ്രതിഷേധിച്ച് ഇടതുസംഘടനകള്‍ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തി. ബംഗാളില്‍ ചിലയിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമായെങ്കിലും ചിലയിടങ്ങളില്‍ ഭാഗികമായിരുന്നു. 

click me!