മലയാളി ബൈക്കർ താരത്തിന്റെ കൊലപാതകം; ജാമ്യാപേക്ഷയുമായി അഞ്ചാം പ്രതി സുപ്രീം കോടതിയിൽ

By Dhanesh RavindranFirst Published Jan 30, 2023, 2:24 PM IST
Highlights

2018 ആണ് രാജസ്ഥാനിലെ ജയ്സല്‍മേറില്‍ കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. 

ദില്ലി: മലയാളി ബൈക്ക് റേസിങ് താരം അസ്ബക്  മോന്റെ കൊലപാതകേസിലെ അഞ്ചാം പ്രതി അബ്ദുൾ സാബിക്കിന്റെ ജാമ്യാപേക്ഷയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. രാജസ്ഥാൻ സർക്കാരിനാണ് കോടതി നോട്ടീസ് അയച്ചത്. കൊലപാതകം ഗൂഢാലോചനയടക്കം കുറ്റങ്ങൾ ചുമത്തിയ കേസിൽ അസ്ബക് മോന്റെ ഭാര്യയടക്കം ആറ് പ്രതികളാണുള്ളത്. തൃശൂർ സ്വദേശിയായ അബ്ദുൾ സാബിക്  കൊല്ലപ്പെട്ട അസ്ബക് മോന്റെ മാനേജറായിരുന്നു. കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു അബ്ദുൾ സാബിക്  എന്നായിരുന്നു രാജസ്ഥാൻ പൊലീസ് പറയുന്നത്. 

എന്നാൽ തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും തന്റെ കുഞ്ഞിനെ കാണാൻ അവസരം നൽകണമെന്നും കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകൻ ദീപക് പ്രകാശാണ് അബ്ദുൾ സാബിക്കിനായി ഹാജരായത്. ഹർജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാൻ സർക്കാരിനോട് പ്രതിയുടെ അപേക്ഷയിൽ മറുപടി തേടിയത്. 

Read More: മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം; ഭാര്യയ്ക്കും 5 സുഹൃത്തുക്കള്‍ക്കും പങ്ക്, 2 പേര്‍ അറസ്റ്റില്‍

2018 ആണ് രാജസ്ഥാനിലെ ജയ്സല്‍മേറില്‍ കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പരിശീലനത്തിനിടെ  ജയ്സാൽമറിലെ മരുഭൂമിയില്‍ വഴി തെറ്റി നിര്‍ജലീകരണമോ ദാഹമോ മൂലം മരിച്ചുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ മകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബൈക്കറുടെ സഹോദരനും അമ്മയും പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മൂന്നര വർഷത്തിന് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ഭാര്യയും സുഹൃത്തുക്കളുമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യ സുമേര പര്‍വേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. അസ്ബക്മോന് ഭാര്യയുമായി നിരവധി വിഷയങ്ങളില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് കണ്ടെത്തൽ. 

Read More;  മലയാളിയായ ബൈക്ക് റൈസര്‍ അഷ്ബാഖിന്‍റെ കൊലപാതകം; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍

click me!