Latest Videos

കൊലക്കേസ്, അഴിമതിക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി; പാര്‍ട്ടിക്കുള്ളിലും പുകച്ചില്‍

By Web TeamFirst Published Nov 13, 2019, 11:20 AM IST
Highlights

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായി അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഭാനുപ്രതാപിനെയും ശശി ഭൂഷണെയും പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞു തുടങ്ങിയത്

റാഞ്ചി: കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ അഴിമതി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്ന ബിജെപിയുടെ ജാര്‍ഖണ്ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിവാദത്തില്‍. ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായി അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഭാനുപ്രതാപിനെയും ശശി ഭൂഷണെയും പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞു തുടങ്ങിയത്.

130 കോടിയുടെ മരുന്ന് കുംഭകോണ കേസിലെ പ്രതിയാണ് ഭാനുപ്രതാപ്. മധു കോഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഭാനുപ്രതാപ് ഭവന്ത്പുര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്ന് മരുന്ന വാങ്ങിയതില്‍ 130 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഭാനുപ്രതാപിനെതിരെയുള്ള ആരോപണം.

2011ല്‍ ഭാനുപ്രതാപ് അറസ്റ്റിലായെങ്കിലും 2013ല്‍ ജാമ്യം ലഭിച്ചു. ഭാനുപ്രതാപിന്‍റെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ബിജെപിയില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭവന്ത്പൂരില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ വിഷയത്തില്‍ പ്രതിഷേധിച്ച് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനില്‍ ചേര്‍ന്നു.

തന്‍റെ സ്കൂളിലെ അധ്യാപികയെ കൊലപ്പെടുത്തിയ കേസാണ് ശശി ഭൂഷണിന്‍റെ പേരിലുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം ബിജെപിയില്‍ ചേര്‍ന്ന ശശി ഭൂഷണ്‍ പാങ്കി മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 

click me!