അയോധ്യ കേസിൽ ശബരിമല വിധി ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകൾ

By Web TeamFirst Published Mar 6, 2019, 1:03 PM IST
Highlights

അയോധ്യ ഭൂമിതർക്കം പരിഹരിക്കാൻ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ആയിരുന്നു മുസ്ലീം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ശബരിമല വിധി പരാമ‍ർശിച്ചത്.

ദില്ലി: മതവികാരവുമായി ബന്ധപ്പെട്ട വിഷയമായിട്ടും സുപ്രീംകോടതി ശബരിമല കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു മുസ്ലീം മതസംഘടനകൾ സുപ്രീം കോടതിയിൽ. അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തർക്കം അല്ലെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതി കോടതിയിൽ അറിയിച്ചിരുന്നു. അയോധ്യ ഭൂമിതർക്കം പരിഹരിക്കാൻ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ആയിരുന്നു മുസ്ലീം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ശബരിമല വിധി പരാമ‍ർശിച്ചത്.

അന്തിമ വിധി വന്നാൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അതുകൊണ്ടാണ് മധ്യസ്ഥ ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്‍‍ഡെ പറഞ്ഞിരുന്നു.  അയോധ്യ വൈകാരിക വിഷയമാണെന്നും വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ബോധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ സമയത്താണ് വൈകാരിക വിഷയമായിട്ടും സുപ്രീം കോടതി ശബരിമല സ്ത്രീപ്രവേശന കേസിൽ വിധി പറഞ്ഞിട്ടുണ്ട് എന്ന കാര്യം രാജീവ് ധവാൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

അതേസമയം മധ്യസ്ഥശ്രമങ്ങളോട് തുറന്ന സമീപനമല്ല ഹിന്ദു മഹാസഭ കോടതിയിൽ സ്വീകരിച്ചത്. കക്ഷികൾ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായയിരുന്നു ഹിന്ദു മഹാസഭയുടെ വാദം. മധ്യസ്ഥചർച്ച മുസ്ലിം സംഘടനകൾക്ക് സമ്മതമാണെന്ന് രാജീവ് ധവാൻ കോടതിയെ അറിയിച്ചു. മധ്യസ്ഥചർച്ചയ്ക്കുള്ള വ്യവസ്ഥകൾ കോടതിക്ക് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

click me!