മുത്തലാഖ് നിരോധന നിയമത്തിനെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

By Web TeamFirst Published Oct 21, 2019, 10:23 PM IST
Highlights

മുത്തലാഖിലൂടെയുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിലൂടെ ഭരണഘടനയുടെ 14, 15,20,21 വകുപ്പുകളുടെ ലംഘനമാണ് നടന്നിരിക്കുന്നതും അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുകയാണെന്നും എഐഎംപിഎല്‍ബി അഭിഭാഷകന്‍ കമാല്‍ ഫാറൂഖി വ്യക്തമാക്കി.

ദില്ലി: മുത്തലാഖ് നിരോധന നിയമത്തിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ചോദ്യം ചെയ്താണ് തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. ഈ വര്‍ഷം പാസാക്കിയ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

മുത്തലാഖിലൂടെയുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിലൂടെ ഭരണഘടനയുടെ 14, 15,20,21 വകുപ്പുകളുടെ ലംഘനമാണ് നടന്നിരിക്കുന്നതും അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുകയാണെന്നും എഐഎംപിഎല്‍ബി അഭിഭാഷകന്‍ കമാല്‍ ഫാറൂഖി വ്യക്തമാക്കി. നിയമം മുസ്ലിംകളുടെ ജീവിതത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും വിപരീത ഫലമാണുണ്ടാക്കുക. ക്രിമിനല്‍ നിയമത്തിന്‍റെ വ്യാഖ്യാനത്തിന് പുറത്താണ് പുതിയ നിയമം.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് നിയമപരമായി നിരോധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് നിയമമുണ്ടാക്കിയത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമത്തിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2017ലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. 2019 ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മുസ്ലിം സ്ത്രീ സുരക്ഷാ നിയമം പാസാക്കി. 

click me!