'മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം, നേരത്തെ റദ്ദാക്കേണ്ടത്'; വിശദീകരിച്ച് അമിത് ഷാ

Published : Apr 30, 2023, 09:44 PM IST
'മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം, നേരത്തെ റദ്ദാക്കേണ്ടത്'; വിശദീകരിച്ച് അമിത് ഷാ

Synopsis

'കർണാടക സർക്കാർ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു.'

ബെം​ഗളൂരു: കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദം അമിത് ഷാ തള്ളി. വോട്ട് നേടാനുള്ള കോൺ​ഗ്രസിന്റെ പ്രീണന നയമാണ് വാ​ഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. ഏഷ്യാനെറ്റ് സുവർണ ന്യൂസ് എഡിറ്റർ അജിത് ഹനുമക്കനവറിന് നൽകിയ പ്രത്യേകമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

കർണാടക സർക്കാർ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങൾ അത് ചെയ്തു. ഒരു വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടക സർക്കാറിന്റെ തീരുമാനം പ്രീണനമാണെന്ന ആരോപണത്തെയും അമിത് ഷാ തള്ളി. സംവരണം ഭരണഘടന പ്രകാരമായിരിക്കണം. ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണം. നമ്മുടെ ഭരണഘടനയിൽ മതപരമായ സംവരണം നൽകുന്ന ഭാഗം കോൺ​ഗ്രസ് നേതാക്കൾ എന്നെ കാണിക്കട്ടെ. അവർക്കതിന് കഴിഞ്ഞില്ലെങ്കിൽ സംവരണം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണ്. മുസ്ലീങ്ങൾക്കിടയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിക്കണമെന്നതിൽ സംശയമില്ല. നാളെ ഏതെങ്കിലും സർക്കാർ എല്ലാ ഹിന്ദുക്കൾക്കും സംവരണം നൽകുമെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ കഴിയുമോയെന്നും അമിത് ഷാ ചോദിച്ചു. 

വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് അധിക സംവരണം നൽകിയിട്ടില്ലെന്നും നാല് ശതമാനം മുസ്ലീം ക്വാട്ട ഇല്ലാതാക്കിയാൽ മറ്റ് രണ്ട് വിഭാ​ഗങ്ങൾക്ക് സ്വാഭാവികമായി രണ്ട് ശതമാനം വീതം സംവരണം ലഭിക്കുമെന്നും അമിത് ഷാ പറ‍ഞ്ഞു. തീരുമാനം വൈകിയെന്ന് സമ്മതിക്കുന്നു. ഒരു വർഷം മുമ്പ് മുസ്ലീം സംവരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാൽ ഇനിയും വൈകിപ്പിക്കുന്നതിൽ അർഥമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി