'ഇവിടെ തുടരുക വഴി മുസ്ലീങ്ങള്‍ ഇന്ത്യക്ക് ഉപകാരം ചെയ്യുകയായിരുന്നില്ല'; വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി യോഗി

By Web TeamFirst Published Feb 6, 2020, 12:29 PM IST
Highlights

ദില്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നത്

ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് തുടരുമ്പോള്‍ വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിബിസി ഹിന്ദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ യോഗി ഉന്നയിച്ചത്. വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി രാജ്യത്തിന് ഉപകാരം ഒന്നുമല്ല മുസ്ലീങ്ങള്‍ ചെയ്തതെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

പാകിസ്ഥാന്‍റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിര്‍ക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്.

ഇതിനിടെയാണ് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നത്. യോഗിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയിരിക്കുന്നത്. സാമുദായിക വിഭജനത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ തുടരുന്ന യോഗി ആദിത്യനാഥിനെ ദില്ലിയില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കണമെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

നേരത്തെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ തീവ്രവാദിയോട് യോഗി ഉപമിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നത് ആം ആദ്മി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാഹീൻബാഗ്, ആർട്ടിക്കിൾ 370, ശ്രീരാമ ക്ഷേത്രം, ബിരിയാണി' - യോഗി ആദിത്യനാഥിന്റെ ദില്ലി തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളിലൂടെ

click me!