'അടിമയായി ജീവിക്കും', ഗോപാലകൃഷ്ണന്റെ വെല്ലുവിളി, ആരോപണം തെളിയിക്കുമെന്ന് എംവി ഗോവിന്ദൻ

By Web TeamFirst Published Jan 14, 2020, 10:06 PM IST
Highlights

ഗോപാലകൃഷ്ണൻ ഭരണഘടന ചുട്ടുകരിക്കണമെന്ന് പറഞ്ഞിരുന്നതായി എംവി ഗോവിന്ദൻ ആരോപിച്ചു. ആരോപണം തെളിയിച്ചാൽ വക്കീൽക്കുപ്പായം അഴിച്ച് ഗോവിന്ദൻ മാഷിന്റെ അടിമയായി ജീവിക്കുമെന്ന് ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാവ് എംവി ഗോവിന്ദനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണൻ ഭരണഘടന ചുട്ടുകരിക്കണമെന്ന് പറഞ്ഞിരുന്നതായി എംവി ഗോവിന്ദൻ ആരോപിച്ചു. ആരോപണം തെളിയിച്ചാൽ വക്കീൽക്കുപ്പായം അഴിച്ച് ഗോവിന്ദൻ മാഷിന്റെ അടിമയായി ജീവിക്കുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സാധിച്ചില്ലെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും തെളിയിക്കുമെന്നും എംവി ഗോവിന്ദൻ തിരിച്ചടിച്ചു.

ന്യൂസ് അവറിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയിലാണ് എംവി ഗോവിന്ദൻ ബിജെപി നേതാവിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. "ഗോപാലകൃഷ്ണന് ഭരണഘടനയെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. ഭരണഘടന ചുട്ടുകരിക്കണമെന്ന് പറഞ്ഞതാണ് നിങ്ങൾ. മനുസ്മൃതിയാണ് ഇവിടെ പാലിക്കേണ്ടത് എന്ന് പറഞ്ഞത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന വക്താക്കളാണ്," അത്തരക്കാര്‍ക്ക് ഭരണഘടനയെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

"കണ്ണൂര്‍ രാഷ്ട്രീയത്തിലെ മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഗോവിന്ദൻ മാഷ് താഴുമെന്ന് കരുതിയില്ല" എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. "ഭരണഘടനയെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നയാളാണ് ഞാൻ. ഞാനൊരു അഭിഭാഷകനാണ്. ഭരണഘടന കത്തിക്കണമെന്ന് പറയുകയോ, മനുസ്മൃതി കൊണ്ടുവരണമെന്ന് പറയുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും പത്രത്തിൽ, ചാനലിൽ ഈ കാര്യം വസ്തുനിഷ്ഠമായി തെളിയിക്കുകയാണെങ്കിൽ വക്കീൽകുപ്പായം അഴിച്ചുവെക്കും. എന്നിട്ട് നിങ്ങളുടെ അടിമയായി നിൽക്കാം," ഗോപാലകൃഷ്ണൻ പറഞ്ഞു.

തെളിവുകൊണ്ടുവരാമെന്നും പത്രത്തിൽ വന്ന വാര്‍ത്ത കൊണ്ടുവരാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഏഷ്യാനെറ്റിന് മുന്നിൽ വച്ച് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കണമെന്ന് ഗോപാലകൃഷ്ണൻ തിരിച്ചടിച്ചു. എല്ലാ തെളിവുകളും കൊണ്ടുവരുമെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എംവി ഗോവിന്ദൻ ആവര്‍ത്തിച്ചു.

click me!