
ദില്ലി: എത്രനേരം ഭാര്യയെ നോക്കിയിരിക്കുമെന്നും ജീവനക്കാർ ആഴ്ചയിൽ 90 ദിവസം ജോലി ചെയ്യുന്നത് നല്ലതാണെന്നുമുള്ള എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ അഭിപ്രായത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്ത്. ജോലിയുടെ അളവിലല്ല, ജോലിയുടെ ഗുണനിലവാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര, 90 മണിക്കൂർ ജോലി ആവശ്യം തള്ളിക്കളയുകയും ചെയ്തു. എന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലിയിലെ നടന്ന വിക്ഷിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 നെ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യങ്ങൾ പറഞ്ഞത്. ജോലി സമയം സംബന്ധിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംവാദം തെറ്റാണെന്ന് അദ്ദേഹം തുറന്നടിച്ചു. ജോലി സമയം കൂട്ടുന്നതിലല്ല കാര്യമെന്നും ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിലാണ് കാര്യമെന്നും അദ്ദേഹം വിവരിച്ചു. ജോലി സമയത്തിന്‍റെ അളവ് മാത്രം നോക്കി ജീവനക്കാരുടെ കഴിവിനെ വിലയിരുത്തുന്നത് ശരിയല്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ജോലി സമയം കൂട്ടണമെന്ന് നേരത്തെ നാരായണ മൂർത്തി (ഇൻഫോസിസ് സ്ഥാപകൻ) മുന്നോട്ടുവച്ച നിർദ്ദേശവും ഇപ്പോൾ എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ അഭിപ്രായവും അദ്ദേഹം തള്ളിക്കളഞ്ഞു. നാരായണ മൂർത്തിയോടും മറ്റുള്ളവരോടും എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ ജോലി സമയം വർധിപ്പിക്കണമെന്ന സംവാദം ശരിയാണെന്ന് എനിക്കില്ല. അതൊരു തെറ്റായ ദിശയിലുള്ള സംവാദമാണെന്നും ആനന്ദ് മഹീന്ദ്ര വിവരിച്ചു.
എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം പറഞ്ഞത്
ജീവനക്കാർ ആഴ്ചയിൽ 90 ദിവസം ജോലി ചെയ്യണമെന്ന അഭിപ്രായമാണ് എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം മുന്നോട്ടുവച്ചത്. ജീവനക്കാർ ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്നുള്ള സുബ്രമണ്യത്തിന്‍റെ അഭിപ്രായത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 'ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും. കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ'- എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം