തൊഴിലാളിയുടെ 11000 പുസ്തകങ്ങൾ അ​ഗ്നിക്കിരയാക്കി, ലൈബ്രറി പുനർനിർമ്മിക്കാൻ 13 ലക്ഷം രൂപ സമാഹരിച്ച് സോഷ്യൽമീഡിയ

By Web TeamFirst Published Apr 12, 2021, 9:12 AM IST
Highlights

എന്ത് തന്നെ സംഭവിച്ചാലും, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. വിദ്യാഭ്യാസം ഇവിടെ അത്യാവശ്യമാണെന്ന് ഇസ്ഹാക്ക് പറഞ്ഞു...

മൈസൂരു: ദിവസക്കൂലിക്ക് പണിയെടുക്കുമ്പോഴും വായനയുടെ ലോകം തുറന്നിട്ട മൈസൂരുവിലെ 62കാരൻ സയ്യിദ് ഇസ്ഹാക്കിന് കഴി‍ഞ്ഞ ദിവസങ്ങൾ വേദനയുടേതായിരുന്നു. 11000 പുസ്തകങ്ങളാണ് ഇസ്ഹാക്കിന്റെ ലൈബ്രറിയിലുണ്ടായിരുന്നത്. മിക്കവയും കന്നട ഭാഷയിൽ രചിച്ചത്. 2011 മുതൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറി പെട്ടന്നൊരു ദിവസം അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു. 

ജീവിതം തന്നെ കെട്ടുപോയ വേദനയിലൂടെയാണ് ഇസ്ഹാക്ക് ഈ ദിവസങ്ങളിൽ കടന്നുപോയത്. എല്ലാ മതത്തിൽപ്പെട്ട പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട പേപ്പറുകളുമെല്ലാം ഇസ്ഹാക്കിന്റെ ഈ പബ്ലിക് ലൈബ്രറിയിൽ ഉണ്ടായിരുന്നു. എല്ലാം നശിച്ചു. കന്നട ഭാഷയോട് വിരോധമുള്ള ആരോ ആയിരിക്കാം ലൈബ്രറിക്ക് തീയിട്ടതെന്ന് ആരോപിച്ച് ഇസ്ഹാക്ക് പൊലീസിൽ പരാതി നൽകി. 

''കന്നട ഇഷ്ടപ്പെടാത്തവരോ വെറുക്കുന്നവരോ ആണ് ഇത് ചെയ്തിരിക്കുക... ഇവിടെ ഒരു ലൈബ്രറി ഉണ്ടായിരിക്കണം. ഈ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം വളരെ കുറവാണ്''-   സയ്യിദ് ഇസ്ഹാക്ക് പറഞ്ഞു. 

സംഭവം പുറംലോകത്തെത്തിയതോടെ ഇസ്ഹാക്കിനെ സഹായിക്കാൻ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രം​ഗത്തെത്തി. ഇതുവഴി ഇതുവരെ 13 ലക്ഷം രൂപയാണ് ഇസ്ഹാക്കിന് ലൈബ്രറി പുനർ നിർമ്മിക്കാൻ ലഭിച്ചത്. താൻ ലൈബ്രറി വീണ്ടും നിർമ്മിക്കുമെന്ന് ഇസ്ഹാക്ക് പ്രഖ്യാപിച്ചിരുന്നു. 

എന്ത് തന്നെ സംഭവിച്ചാലും, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. വിദ്യാഭ്യാസം ഇവിടെ അത്യാവശ്യമാണ്. അബ്ദുൾ കലാം ഒരിക്കൽ പറഞ്ഞു, നല്ല ഒരു ബുക്ക് നല്ല 100 സുഹൃത്തുക്കൾക്ക് സമമാണ്.  - ഇസ്ഹാക്ക് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

click me!