നാഗാലാന്‍റിലും 'കശ്മീര്‍' ആവര്‍ത്തിക്കുമോ?; ആശങ്കയോടെ നാഗാ ജനത

By Web TeamFirst Published Aug 5, 2019, 11:37 PM IST
Highlights

പ്രത്യേക പദവി പ്രകാരം സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം നാഗാലാന്‍റില്‍ വേറെ നിയമങ്ങളാണ് (നാഗാ കസ്റ്റമറി ലോ) നടപ്പാക്കുന്നത്. സ്വത്ത് കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യന്‍ യൂണിയനില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് നാഗാലാന്‍റില്‍. 

ദില്ലി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നാഗാലാന്‍റിലും തുടരുമോ എന്നത് ചര്‍ച്ചയാകുന്നു. സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം പദവിയാണ് നാഗാലാന്‍റിനും ആര്‍ട്ടിക്കിള്‍ 371എ പ്രകാരം അനുവദിച്ചിരിക്കുന്നത്. നാഗാ ജനതയുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പദവി നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് നാഗാ ജനതയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രത്യേക പദവി നല്‍കിയത്.

പ്രത്യേക പദവി പ്രകാരം സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം നാഗാലാന്‍റില്‍ വേറെ നിയമങ്ങളാണ് (നാഗാ കസ്റ്റമറി ലോ) നടപ്പാക്കുന്നത്. സ്വത്ത് കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യന്‍ യൂണിയനില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് നാഗാലാന്‍റില്‍. നാഗാലാന്‍റിനുള്ള പ്രത്യേക പദവി എടുത്തുകളയില്ലെന്ന ആത്മവിശ്വാസത്തിലാണ് നാഗാ വിഭാഗം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാഗാലാന്‍റിനുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള ധൈര്യമുണ്ടാകില്ലെന്നാണ് വിശ്വാസമെന്ന് നാഗാ പീപ്പിള്‍സ് ഫ്രണ്ട്  വക്താവ് അചുകെംബോ കികോണ്‍ വ്യക്തമാക്കി. നാഗാ ജനതയുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മുറിവേറ്റാല്‍ പരിണിത ഫലം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരിലെയും നാഗാലാന്‍റിലെയും സ്ഥിതിഗതികള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 

ഏതെങ്കിലും വിഭാഗത്തിനോ സംസ്ഥാനത്തിനോ പ്രത്യക പദവി നല്‍കുന്നതിനെ എതിര്‍ക്കുന്നവരാണ് ബിജെപി സര്‍ക്കാരെന്നും ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നാഗാ നേതാവ് മുട്സികോയോ ഹോബു പറഞ്ഞു. ഭയമുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നാഗാ വിഭാഗത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നാഗാലാന്‍റ് വിസ്സമ്മതിച്ചിരുന്നു. സ്വതന്ത്ര രാജ്യമായി നിലകൊള്ളണമെന്നായിരുന്നു അവരുടെ ആവശ്യം.

ഇതിനായി സായുധസമരം വരെ നടന്നു. ഒടുവില്‍ 1963ലാണ് നാഗാലാന്‍റ് ഇന്ത്യന്‍ സംസ്ഥാനമായി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറുമായി കരാറിലെത്തിയിട്ടും നാഗാലാന്‍റില്‍ സ്വയംഭരണാവകാശത്തിനായി ബോഡോ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടു.  18 വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വിമത സംഘടനയായ എന്‍എസ്സിഎന്‍(ഐഎം), സര്‍ക്കാറുമായി കരാറിലൊപ്പിട്ടത്. 1997ലാണ് ആദ്യ വെടിനിര്‍ത്തല്‍ കരാറില്‍ സര്‍ക്കാറും ബോഡോ തീവ്രവാദികളും ഒപ്പിട്ടത്.

click me!