ആയുഷ്മാന്‍ ഭാരതില്‍ ക്രമക്കേട്: 111 ആശുപത്രികളെ പുറത്താക്കി

By Web TeamFirst Published Oct 1, 2019, 12:42 PM IST
Highlights

അര്‍ഹരായവര്‍ക്ക് ചികില്‍സ നല്‍കാതിരിക്കുക. രോഗികളില്‍ നിന്നും പണം ഈടാക്കുക. സഹായം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കുക ഇങ്ങനെ വിവിധ തരത്തിലുള്ള ക്രമക്കേടുകളാണ് സര്‍ക്കാര്‍ കണ്ടത്തിയത്. 

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തിയതിന് 111 ആശുപത്രികളെ പദ്ധതിയില്‍ നിന്നും പുറത്താക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശുപത്രികളുടെ പേരുകള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിവിധ ഗുണഭോക്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

അര്‍ഹരായവര്‍ക്ക് ചികില്‍സ നല്‍കാതിരിക്കുക. രോഗികളില്‍ നിന്നും പണം ഈടാക്കുക. സഹായം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കുക ഇങ്ങനെ വിവിധ തരത്തിലുള്ള ക്രമക്കേടുകളാണ് സര്‍ക്കാര്‍ കണ്ടത്തിയത്. 

വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ എണ്ണം പുറത്തായത് മഹാരാഷ്ട്രയില്‍  നിന്നാണ് 59 ആശുപത്രികള്‍. രണ്ടാമത് ജാര്‍ഖണ്ഡ് 21, ഉത്തരാഖണ്ഡ് 12, തമിഴ്നാട് 10 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള കണക്കുകള്‍. 

പദ്ധതിയില്‍ ഉള്‍പ്പെട്ട 18073 ആശുപത്രികളില്‍ 1200 എണ്ണത്തിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 376 എണ്ണത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിലാണ് ഇപ്പോള്‍ 111നെതിരെ നടപടി. ഇതില്‍ 6 ആശുപത്രികള്‍ക്കെതിരെ ക്രിമിനല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. 1.5 കോടി രൂപ ഇതുവരെ പിഴ ഈടാക്കി.

കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതിയില്‍ 368 ആശുപത്രികളാണ് ഉള്‍പ്പെടുന്നത്. അതേ സമയം മോശം ആശുപത്രികളുടെ മാത്രമല്ല ആയുഷ്മാന്‍ പദ്ധതിയില്‍ മികച്ച പ്രകടനം നടത്തുന്ന ആശുപത്രികളുടെ പട്ടികയും പ്രസിദ്ധീകരിക്കും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

click me!