
ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളേക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിട്ടനിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകളുടെ സുരക്ഷയും ഇരുവരും തമ്മിലുള്ള സംസാരത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന കുറ്റവാളികളെ തിരികെ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. ബൈശാഖി ആഘോഷത്തിന്‍റെ ആശംസകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകിനെ അറിയിച്ചു. സ്വതന്ത്ര വ്യാപാര ഉടമ്പടി നേരത്തേ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ധാരണയിലെത്തി. ഇന്ത്യൻ ഹൈക്കമ്മീഷനെതിരായ ആക്രമണം ബ്രിട്ടന്‍ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്‍റേയും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി ഋഷി സുനക് വിശദമാക്കിയിട്ടുണ്ട്.
രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന് മുന്നിലെത്തിക്കാനുള്ള സഹകരണമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ഋഷി സുനകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam