മോദി ബിജെപിയിലെ ജനസംഘം തലമുറയെയാകെ പുറത്താക്കിയ നേതാവ്: ഡോ.ഫസൽ ഗഫൂർ

By Web TeamFirst Published Mar 26, 2019, 9:54 PM IST
Highlights

ജനസംഘത്തിന്‍റേയും ബിജെപിയുടേയും സ്ഥാപകരായ മുതിർന്ന നേതാക്കളുടെ തലമുറയെ മുഴുവൻ മോദി ഇതിനകം ഒതുക്കിയെന്ന് ഡോ. ഫസൽ ഗഫൂർ

തിരുവനന്തപുരം: ബിജെപിയിലെ ജനസംഘം തലമുറയെ ആകെ പുറത്താക്കിയ നേതാവാണ് നരേന്ദ്രമോദിയെന്ന് ഡോ.ഫസൽ ഗഫൂർ. ജനതാ പാർട്ടിയിൽ നിന്ന് ജനസംഘം ആകുമ്പോൾ ലാൽകൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്പേയി, മുരളി മനോഹർ ജോഷി എന്നീ മൂന്ന് പേരായിരുന്നു അതിന്‍റെ ദേശീയ നേതാക്കൾ. അന്ന് മോദി ആരുമല്ലായിരുന്നു. മോദി ശക്തിപ്രാപിച്ചപ്പോൾ ഓരോ കാലഘട്ടത്തിലായി പഴയ തലമുറ നേതാക്കളെ ഒതുക്കുകയായിരുന്നുവെന്ന് ഡോ ഫസൽ ഗഫൂർ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

ഗോവിന്ദാചാര്യ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിങ്ങനെ നിരവധി നേതാക്കളെ വെട്ടിയാണ് നരേന്ദ്രമോദി മുന്നേറിയത്. രാമജന്മഭൂമി വിഷയം പ്രശ്നവൽക്കരിച്ച് ബിജെപിയെ വളർത്തിയ കല്യാൺ സിംഗിനെ ഗവർണറാക്കി ഒതുക്കി. ഗുജറാത്തിൽ ആർഎസ്എസും ബിജെപിയും ഉണ്ടാക്കിയ ശങ്കർ സിംഗ് വഗേലയെ പുറത്താക്കി.പട്ടേൽ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കേശുഭായ് പട്ടേലിനെ പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രിമാരായരുന്ന സുരേഷ് മേഹ്തയേയും ദിലീപ് പരീഖിനേയും തന്‍റെ വളർച്ചക്കിടെ മോദി പുറത്താക്കിയെന്നും ഫസൽ ഗഫൂർ പറഞ്ഞു.

ബിജെപിയുടെ താത്വികാചാര്യനായിരുന്നു മുരളി മനോഹർ ജോഷി. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന്‍റെ പിതാവായിരുന്നു അദ്ദേഹം. ബിജെപിയുടെ അജണ്ടകൾ തീരുമാനിച്ചിരുന്ന മുരളി മനോഹർ ജോഷിയേയും മോദി ഇക്കുറി ലോക്സഭാ സീറ്റ് നൽകാതെ അപ്രസക്തനാക്കി. മനോഹർലാൽ ഖട്ടാർ, ദേവേന്ദ്ര ഫട്നാവിസ് തുടങ്ങി തന്നെ പിന്തുണയ്ക്കുന്ന നേതാക്കളെ മോദി വളർത്തിക്കൊണ്ട് വരുകയും ചെയ്യുന്നു. എൽ കെ അദ്വാനിയോ മുരളി മനോഹർ ജോഷിയോ ഇന്ത്യൻ രാഷ്ട്രപതിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഭൂരിപക്ഷം ഇന്ത്യക്കാരും പേര് കേട്ടിട്ടില്ലാതിരുന്ന രാംനാഥ് കോവിന്ദിനെ മോദി രാഷ്ട്രപതിയാക്കി. അങ്ങനെ ജനസംഘത്തിന്‍റേയും ബിജെപിയുടേയും സ്ഥാപകരായ മുതിർന്ന നേതാക്കളുടെ തലമുറയെ മുഴുവൻ മോദി ഇതിനകം ഒതുക്കിയെന്ന് ഫസൽ ഗഫൂർ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

click me!