സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jan 22, 2023, 10:45 PM IST
Highlights

കൊളീജിയം വിഷയത്തില്‍ സുപ്രീംകോടതിയും സ‍ർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന് പ്രധാനമന്ത്രിയുടെ പ്രശംസ.

ദില്ലി: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കാനുള്ള ശ്രമമുണ്ടാകുമെന്ന ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവന പ്രശംസനയീമാണെന്ന് മോദി പറഞ്ഞു. നടപടി യുവാക്കള്‍ അടക്കമുള്ള ജനങ്ങള്‍ക്ക് സഹായകരമാകും. ഇന്ത്യയിലെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസർക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. 

കൊളീജിയം വിഷയത്തില്‍ സുപ്രീംകോടതിയും സ‍ർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. 'അടുത്തിടെ ഒരു ചടങ്ങിൽ, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രാദേശിക ഭാഷകളിൽ സുപ്രീം കോടതി  വിധികൾ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത് അഭിനന്ദനാർഹമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കും- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയ്‌ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക ചടുലത വർദ്ധിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഒരാളുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം  നൽകുന്നതുൾപ്പെടെ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്  കേന്ദ്ര ഗവണ്മെന്‍റ്  നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുപ്രീംകോടതി വിധി എല്ലാ  ഭാഷകളിലും ലഭ്യമാക്കാനുള്ള നടപടി ആലോചിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. മഹാരാഷ്ട്ര, ഗോവ ബാർ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചന്ദ്രചൂഡിന്‍റെ പരാമർശം.

Read More : 'കൊളോണിയൽ അടിമത്വത്തിൽ നിന്ന് ചിലർ മുക്തരായിട്ടില്ല', ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രം
 

click me!