
ദില്ലി: വിവാദങ്ങൾക്കിടയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുമായുള്ള ചർച്ചയുടെ പുതിയ റീൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി ദില്ലിയിൽ മടങ്ങിയെത്തി. പ്രധാനമന്ത്രി വൻ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുന്നത് രാഹുൽ ഗാന്ധി കാണുന്നില്ലേ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചോദിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മറ്റന്നാൾ ദില്ലിയിലെത്തുമ്പോൾ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ തുടർ ചർച്ചകൾ നടന്നേക്കും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിക്ക് പാർലെ മെലഡി മിഠായി പ്രധാനമന്ത്രി സമ്മാനിച്ചതിൻ്റെ ദൃശ്യങ്ങൾ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. രാഹുൽ ഗാന്ധി ഇതിനെ ചോദ്യംചെയ്ത് വിമര്‍ശനം ഉന്നയിച്ചതോടെ രാഷ്ട്രീയ തർക്കവും മുറുകി. സാമ്പത്തിക രംഗത്ത് കൊടുങ്കാറ്റ് അടിക്കാനിരിക്കുമ്പോൾ നരേന്ദ്ര മോദി റീലിട്ട് സമയം കളയുന്നു എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. എന്നാൽ മെലോണി നൽകിയ സ്വീകരണത്തിൻ്റെയും മിഠായി സമ്മാനിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇന്നും സാമൂഹ്യ മാധ്യമങ്ങളിൽ മോദി പങ്കുവെച്ചു. ഇറ്റാലിയൻ സന്ദർശനം വൻ വിജയം എന്ന് ചൂണ്ടിക്കാട്ടിയാണ് മോദി പുതിയ വീഡിയോ പങ്കുവെച്ചത്. പതിനഞ്ച് ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ആദ്യ മണിക്കൂറുകളിൽത്തന്നെ ഈ ദൃശ്യങ്ങൾ കണ്ടത്. ഇന്ത്യയിൽ 1,80,000 കോടി നിക്ഷേപിക്കാമെന്ന് ഇറ്റലി അറിയിച്ചിരുന്നു.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും രാഹുൽ ഗാന്ധിക്കെതിരെ ഇന്ന് ആഞ്ഞടിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന രാഹുൽ ഗാന്ധി ഇത് പരിഹരിക്കാൻ വിദേശത്ത് നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാനും നിക്ഷേപം സ്വീകരിക്കാനും നരേന്ദ്ര മോദി ഒപ്പുവച്ച കരാറുകൾ കാണുന്നില്ലേ എന്ന് ജയശങ്കർ ചോദിച്ചു. ഇത് മനസ്സിലാക്കാനുള്ള ബുദ്ധി രാഹുൽ ഗാന്ധിക്ക് ഇല്ലാത്തതാണോ എന്ന ചോദ്യവും ജയശങ്കർ ഉയര്‍ത്തുന്നു. മോദി സാമ്പത്തിക പ്രതിസന്ധിയെ ഗൗരവമായി കാണുന്നില്ല എന്ന വാദം എന്നാൽ കോൺഗ്രസ് ആവർത്തിക്കുകയാണ്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ സന്ദർശനത്തിന് മറ്റന്നാൾ ദില്ലിയിലെത്തും. ഇന്ത്യ-യുഎസ് വ്യാപാരകരാർ മുന്നോട്ട് കൊണ്ടുപോവുന്നതിലടക്കം ചർച്ചകൾ നടക്കും എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam