'മൻ കി ബാത്തി'ൽ സിസ്റ്റർ മറിയം ത്രേസ്യക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവ്

By Web TeamFirst Published Sep 29, 2019, 1:03 PM IST
Highlights

യുവാക്കൾ ലഹരിയിൽ നിന്ന് മുക്തമാകണമെന്നും ദീപാവലി ആഘോഷിക്കുമ്പോൾ നാടിന് കീർത്തി നേടി തന്ന പെണ്‍കുട്ടികളെ ആദരിക്കണമെന്നും മൻ കി ബാത്തിൽ മോദി പറഞ്ഞു. 

ദില്ലി: മലയാളിയായ സിസ്റ്റർ മറിയം ത്രേസ്യക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മോദി ത്രേസ്യയെ ആദരിച്ചത്. മാനവികതയുടെ ക്ഷേമത്തിനായി സിസ്റ്റർ തന്റെ ജീവിതം സമർപ്പിക്കുകയും ലോകത്തിന് ഒരു മാതൃക വയ്ക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു. 

യുവാക്കൾ ലഹരിയിൽ നിന്ന് മുക്തമാകണമെന്നും ദീപാവലി ആഘോഷിക്കുമ്പോൾ നാടിന് കീർത്തി നേടി തന്ന പെണ്‍കുട്ടികളെ ആദരിക്കണമെന്നും മൻ കി ബാത്തിൽ മോദി പറഞ്ഞു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെതിരെ എല്ലാ ജനങ്ങളും രം​ഗത്ത് വരണമെന്നും മോദി ആവശ്യപ്പെട്ടു. നവതി ആഘോഷിക്കുന്ന ഗായിക ലതാ മങ്കേഷ്കറിന് മോദി മൻ കി ബാത്തിലൂടെ ജന്മദിനാശംസകളും നേർന്നു. 

ഒക്ടോബർ 13ന് വത്തിക്കാനിൽ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. നേരത്തെ റോമില്‍ പോപ്പ് ഫ്രാന്‍സിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിസ്റ്റര്‍ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനമായിരുന്നു.

ആരാണ് സിസ്റ്റർ മറിയം ത്രേസ്യ

1876 ഏപ്രിൽ 26ന് തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിലാണ്  സിസ്റ്റർ മറിയം ത്രേസ്യ ജനിച്ചത്. കേരളം ആസ്ഥാനമായുള്ള സിറോ-മലബാർ പള്ളിയിൽ അംഗമായ സിസ്റ്റർ മറിയം 1914 ൽ സിസ്റ്ററായി. 1926 ജൂണ്‍ എട്ടിന് അമ്പതാം വയസ്സില്‍ മരണപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1999 ജൂണ്‍ 28-ന് ധന്യപദവിയിലേക്കുയര്‍ത്തി. 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയിരുന്നു. 

പ്രാഥമിക വിദ്യഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്. മറിയം ത്രേസ്യയുടെ പന്ത്രണ്ടാമത്തെ വയസ്സിൽ അവരുടെ അമ്മ മരിക്കുകയും അതിനുശേഷം പൂർണ്ണസമയം പ്രാർത്ഥനയിലൂടെയായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയത്. കുടുംബ പ്രേക്ഷിതത്വം ലക്ഷ്യമാക്കി 1914 മെയ് 14-ന് പുത്തന്‍ചിറയില്‍ ഹോളിഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. 

മറിയം ത്രേസ്യ ഇന്ത്യയില്‍നിന്ന് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഏഴാമത്തെ വ്യക്തിയാണ്. ആധുനിക ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് ആദ്യം വിശുദ്ധയായി പ്രഖ്യാപിച്ചത് വിശുദ്ധ അല്‍ഫോന്‍സയെയാണ്. കേരളത്തിൽ നിന്നു കത്തോലിക്കാ സഭയിലെ നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. 
 

click me!