
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ചര്‍ച്ച നടത്തി. സെലൻസ്കിയുമായി 35 മിനിറ്റ് നേരം ടെലിഫോണില്‍ ചർച്ച നടത്തിയ മോദി രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞു. സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കായാല്‍ മാത്രമേ സുരക്ഷ ഇടനാഴിയിലൂടെ അതിവേഗം ഇന്ത്യക്ക് രക്ഷാദൗത്യം പൂർത്തിയാക്കാനാകു.
സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മോദി ഇന്ന് റഷ്യൻ പ്രസിഡന്‍റുമായി ചർച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ പിന്തുണ തേടിയാണ് ചർച്ച. റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്.
ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്ന് രക്ഷൗദൗത്യത്തില്‍ ചർച്ച നടത്തിയിരുന്നു. അതേസമയം യുദ്ധത്തിനിടെ വെടിയേറ്റ ഹർജോത് സിങിനെ ഇന്ന് വൈകിട്ടോടെ ഇന്ത്യയില്‍ എത്തിക്കും.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ത്ഥികളോടൊപ്പം പ്രത്യേക വ്യോമസേന വിമാനത്തിലാണ് ഹർജോത് സിങിനെ ഇന്ത്യയില്‍ എത്തിക്കുന്നത്. പരിക്കേറ്റ ഹർജോത് സിങിന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയില്‍ എത്താൻ കഴിഞ്ഞിരുന്നു. പിന്നീട് പ്രത്യേക ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്ക് യാത്രയൊരുക്കിയത്. വൈകിട്ടോടെ തിരിച്ചെത്തുന്ന ഹർജോതിന് ഇന്ത്യയില്‍ വിദഗ്ധ ചികിത്സയൊരുക്കും. ഇതിനിടെ രക്ഷാദ്യൗത്തിന് ഹങ്കറിയില്‍ നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഇന്ത്യയില്‍ മടങ്ങിയെത്തി. ആകെ 6711 വിദ്യാർത്ഥികളാണ് ഹങ്കറിയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. അവസാന വിമാനത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു ഹർദീപ് സിങ് പുരിയും ദില്ലിയില്‍ എത്തിയത്.
സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം
കീവ്: യുക്രൈനിലെ (Ukraine) സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി (Indian Embassy). എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും അരമണിക്കൂറിനകം തയ്യാറായി ഇരിക്കാനുമാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആകെ 594 വിദ്യാര്‍ത്ഥികളാണ് സുമിയിലുള്ളത്. ഇതില്‍ 179 പേര്‍ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഒഴിപ്പിക്കലിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കീവ്: സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ (Ukraine) നഗരങ്ങളിൽ എല്ലാം വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ (Russia). കീവ് , കാർകീവ് , സുമി ,മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ. പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധാരണക്കാർക്ക് രക്ഷപെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നും റഷ്യൻ സൈനിക വക്താവ് പറഞ്ഞു. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നാണ് റഷ്യൻ സൈന്യത്തിന്‍റെ പ്രഖ്യാപനം. നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയാണ്
പ്രഖ്യാപനത്തെ കാണുന്നത്.
കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ച് പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്‍റെ വാദം.
ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്‍റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും.