
ദില്ലി: റഷ്യ (Russia)-യുക്രൈൻ (Ukraine)യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra modi)റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ (Vladimir Putin), യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി( Volodymyr Zelenskyy) എന്നിവരുമായി ഫോണിൽ സംസാരിക്കും.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ പൌരൻമാരുടെ ഒഴിപ്പിക്കൽ തുടരുന്നതിനിടെയാണ് നരേന്ദ്രമോദി ഇരു രാജ്യത്തെ ഭരണാധികാരികളുമായി സംസാരിക്കുന്നത്. യുദ്ധം പന്ത്രണ്ടാം ദിവസവും തുടരുകയാണ്. സമാധാന ശ്രമങ്ങളുമായി ലോക രാജ്യങ്ങൾ റഷ്യയെ ബന്ധപ്പെടുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പുടിനുമായി ഇന്നും ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ യുക്രൈൻ നിരായുധീകരണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് റഷ്യ.
അതിനിടെ ലോകരാജ്യങ്ങളുടെ ഇടപെടലിന് പിന്നാലെ റഷ്യ വെടിനിൽത്തൽ പ്രഖ്യാപിച്ചു. സുമി, കാര്‍കീവ്, മരിയോപോള്‍ കീവ് എന്നീ നഗരങ്ങളില്‍ ആണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ വെടിനിര്‍ത്തല്‍ തുടങ്ങും. പരിമിത വെടിനിർത്തൽ എന്നാണ് റഷ്യ അറിയിച്ചത്. സുരക്ഷിത ഇടനാഴികൾ തുറക്കും. സാധാരണക്കാരെ രക്ഷിക്കാനുള്ള റഷ്യയുടെ മൂന്നാം ശ്രമമെന്നാണ് വെടിനിർത്തലിനെ റഷ്യൻ അധികൃതർ വിശേഷിപ്പിച്ചത്. ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് ഹംഗറിയിലും പോളണ്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെടിനിര്‍ത്തല്‍ സഹായകമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.