
പട്ന: ബീഹാറിൽ ഒമ്പത് ഹെെവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും.14,258 കോടി രൂപ ചെലവ് വരുന്നതാണ് 350 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പദ്ധതികൾ. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ബീഹാറിലെ 45,945 ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫെെബർ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഹെെവേകൾ യഥാർത്ഥ്യമാകുന്നതോടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും ചരക്ക് നീക്കം സുഗമമാവുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുങ്ങുകയും ചെയ്യും. അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശുമായും ജാർഖണ്ഡുമായും കൂടുതൽ വ്യാപാര ബന്ധങ്ങളിലേർപ്പെടാനും ബീഹാറിന് ഇതിലൂടെ അവസരമാെരുങ്ങുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
2015ൽ ബീഹാറിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 54,700 കോടി രൂപയുടെ 75 പദ്ധതികളാണ് ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഇവയിൽ 13 പദ്ധതികൾ പൂർത്തീകരിച്ചു. 38 എണ്ണം പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കരാറിന്റെയും അനുമതിയുടെയും ഘട്ടങ്ങളിലാണെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകൾ വിപുലപ്പെടുത്താനും ബലപ്പെടുത്താനും പാക്കേജിൽ പദ്ധതിയുണ്ട്.
സംസ്ഥാനത്തെ അംഗൻവാടികൾക്കും പ്രൈമറി സ്കൂളുകൾക്കും ആശാ വർക്കർമാർക്കും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒപ്റ്റിക്കൽ ഫെെബർ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ടെലികോം വകുപ്പ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) എന്നിവയുടെ സംയോജിത പരിശ്രമത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇ-വിദ്യാഭ്യാസം, ഇ-അഗ്രികൾച്ചർ, ടെലി-മെഡിസിൻ, ടെലി-ലോ, മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ബീഹാറിലെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam