'രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച ശേഷം കാന്തികശക്തി ലഭിച്ചു'; വിചിത്ര വാദവുമായി മധ്യവയസ്കൻ

By Web TeamFirst Published Jun 11, 2021, 8:21 PM IST
Highlights

കൊവിഡ് വാക്സീനേഷൻ സംബന്ധിച്ച് പല ചർച്ചകളും സമൂഹത്തിൽ നടക്കുന്നുണ്ട്. വാക്സിനേഷന്റെ ഗുണങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളുമടക്കം, അങ്ങനെ പലതും. എന്നാൽ തീർത്തും വ്യത്യസ്തവും വിചിത്രവുമായ ഒരു വാദവുമായാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശി എത്തിയിരിക്കുന്നത്. 

നാസിക്: കൊവിഡ് വാക്സീനേഷൻ സംബന്ധിച്ച് പല ചർച്ചകളും സമൂഹത്തിൽ നടക്കുന്നുണ്ട്. വാക്സിനേഷന്റെ ഗുണങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളുമടക്കം, അങ്ങനെ പലതും. എന്നാൽ തീർത്തും വ്യത്യസ്തവും വിചിത്രവുമായ ഒരു വാദവുമായാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശി എത്തിയിരിക്കുന്നത്. മധ്യവയസ്കനായ അരവിന്ദ് സോണർ എന്നയാൾ അവകാശപ്പെടുന്നത്, രണ്ടാം ഡോസ് വാക്സീനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാക്സീൻ എടുത്ത ശേഷം ലോഹ വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നുവെന്ന് അരവിന്ദ് പറയുന്നു. വാദം സംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നാണയങ്ങളും സ്പൂണുകളും പാത്രങ്ങളുമെല്ലാം അരവിന്ദിന്റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതിന്റെതാണ് ദൃശ്യം.  വിയർപ്പ് കാരണം ശരീരത്തിൽ നാണയങ്ങൾ ഒട്ടുന്നുവെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ കുളിയൊക്കെ കവിഞ്ഞ് വൃത്തിയായ ശേഷവും ലോഹങ്ങൾ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് ബന്ധുക്കളടക്കം ഇക്കാര്യം വിശ്വസിച്ചത്.

വിവരമറിഞ്ഞ് നാസിക് മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടർമാർ സോണറിനെ സന്ദർശിച്ചു. വാക്സിനേഷനുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും വാക്സീനും കാന്തിക ശക്തിയുമായി യാതൊരു ശാസ്ത്രീയ  ബന്ധവുമില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു. കൂടുതൽ പഠനത്തിന് ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ. അരവിന്ദിന്റെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും ഡോക്ടർ അശോക്ക് തൊറാട്ട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. സമൂസ കടക്കാരനായ അരവിന്ദ് മൂന്ന് ദിവസം മുമ്പാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!