
നാസിക് (മഹാരാഷ്ട്ര): വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും പാഴായെന്നും ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കൃഷിയിറക്കാനായി ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ ഉള്ളിയുടെ വിപണി വില ക്വിന്റലിന് 550 രൂപയായി കുറഞ്ഞു. ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തുച്ഛമാണ്. വിള നശിപ്പിക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി.
2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും കർഷകൻ പറഞ്ഞു. 13 ട്രാക്ടർ ട്രോളികൾ വാടകക്കെടുക്കണം. ഓരോന്നിനും 15 ക്വിന്റൽ ഉള്ളി കൊണ്ടുപോകാനേ സാധിക്കൂ. ഇതിന് രണ്ട് ലക്ഷം രൂപ ചെലവാകും. കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000 രൂപ മാത്രമാണ് ലഭിക്കുക. എന്നാൽ, രണ്ട് ലക്ഷം രൂപ ചെലവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാരിന് സമയമില്ലെന്നും കർഷകൻ പറഞ്ഞു.
വിലയിടിവ് മൂലം മഹാരാഷ്ട്രയിലെ ഉള്ളിക്കർഷകർ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ അഞ്ച് ക്വിന്റൽ ഉള്ളി വിറ്റ കർഷകന് വെറും രണ്ട് രൂപ മാത്രമാണ് ലഭിച്ചതെന്ന വാർത്ത വന്നിരുന്നു. മുന്തിരി കർഷകരും പ്രതിസന്ധിയിലാണ്. വിലയിടിവിനെ തുടർന്ന് പ്രാദേശിക മഹാ വികാസ് അഘാഡി (എംവിഎ) നേതാക്കളും ഷേത്കാരി സംഘടനയും വെള്ളിയാഴ്ച സതന-മലേഗാവ് റോഡ് ഉപരോധിച്ചു. മൊത്തവ്യാപാര വിപണിയിൽ സവാളയുടെ ശരാശരി വില 70ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബർ 26 ന് ക്വിന്റലിന് 1,850 രൂപയിൽ നിന്ന് വെള്ളിയാഴ്ച 575 രൂപയായി. ഉള്ളി കൃഷി ചെയ്യുന്നതിന് ക്വിന്റലിന് 1500 രൂപയോളമാണ് ഉൽപ്പാദനച്ചെലവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam