അഭിജിത്ത് ബാനര്‍ജിയെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Oct 22, 2019, 1:35 PM IST
Highlights

 പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് അഭിജിത്ത് ബാനർജി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അഭിജിത്തിന് വിമര്‍ശിച്ചു സംസാരിച്ചത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് മോദി അദ്ദേഹത്തെ കണ്ടത്. 

ദില്ലി:  സാമ്പത്തികശാസ്ത്രത്തില്‍ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം സ്വന്തമാക്കിയ അഭിജിത്ത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി തന്നെ കണ്ട അഭിജിത്ത് രാജ്യത്തിനാകെ അഭിമാനമാണെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. 

നോബേല്‍ സമ്മാനജേതാവ് അഭിജിത്ത് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് അഭിജിത്ത് ബാനർജി ആത്മാർത്ഥമായി ശ്രമിക്കുന്നു. വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യുകയുണ്ടായി. ബാനർജിയുടെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ ഭാവി പദ്ധതികള്‍ക്കായി എല്ലാ ആശംസകളും നേരുന്നു -മോദി ട്വിറ്ററില്‍ കുറിച്ചു. 

പ്രധാനമന്ത്രിയെ കാണാനും ചര്‍ച്ച നടത്താനും സംധിച്ചത് ഒരു അംഗീകാരമായി കാണുന്നു. രാജ്യത്തെക്കുറിച്ചും ഭരണരംഗത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനും പരിഹരിക്കാനും സാധിക്കുന്നവണ്ണം ഉദ്യോഗസ്ഥസംവിധാനത്തെ മാറ്റാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും എന്നോട് വിശദീകരിച്ചു. - കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിജിത്ത് മുഖര്‍ജി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന അഭിജിത്ത് ബാനര്‍ജി ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ സൃഷ്ടാക്കളില്‍ ഒരാളുമാണ്. നൊബേല്‍ സമ്മാനം നേടിയ ശേഷവും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഇതിനിടയില്‍ മോദി അഭിജിത്തിനെ കണ്ടതും അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് സംസാരിച്ചതും രാഷ്ട്രീയവൃത്തങ്ങള്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. 

click me!