
ദില്ലി: അമേരിക്കയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ദേശീയഗാനത്തോട് അനാദരവ് കാണിച്ചതായി ആരോപണം. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്ത് ആരോപണം ഉന്നയിച്ചത്. പരിപാടിയിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പാതിയിൽ നിർത്തുകയും മൈക്ക് പരിശോധിക്കുകയാണെന്ന് പറയുകയും ചെയ്തു. മെയ് 30 ന് സാൻ ഫ്രാൻസിസ്കോയിൽ നടന്ന പരിപാടിയിലാണ് സംഭവം. മൈക്ക് ചെക്ക് ചെയ്യുകയാണെന്ന് വേദിയിലുള്ളവർ അറിഞ്ഞിരുന്നില്ല. സ്ഥലത്തുണ്ടായിരുന്നവർ അറിഞ്ഞില്ല. ദേശീയ ഗാനം ആലപിക്കുമ്പോൾ തടസ്സപ്പെടുത്തുന്നത് അനാദരവായിട്ടാണ് കണക്കാക്കുക. പുറമെ, ദേശീയ ഗാനം ആലപിക്കുമ്പോൾ ഭൂരിഭാഗം ആളുകളും ഇരിക്കുകയും നടക്കുകയുമായിരുന്നുവെന്നും ആരോപണമുയർന്നു.
ലോകം ഇന്ത്യയെ വാഴ്ത്തുമ്പോൾ രാഹുൽ ഗാന്ധി ഇകഴ്ത്തുന്നു: രൂക്ഷ വിമർശനവുമായി ബിജെപി
'മൊഹബത് കി ദുകാൻ' എന്ന് പേരിട്ടാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചത്. ദേശീയഗാനം കേൾക്കുമ്പോൾ ഇന്ത്യക്കാർ എഴുന്നേറ്റ് നിൽക്കും. രാഹുൽ ഗാന്ധി അമേരിക്കയിൽ പാകിസ്ഥാനികളേയും ബംഗ്ലാദേശികളേയും അഭിസംബോധന ചെയ്യുകയും അവർ ഇന്ത്യക്കാരെന്ന് പറയുകയും ചെയ്യുന്നു. ശൂന്യമായ ഹാൾ മറ്റൊരു കഥയാണ്- ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ വീഡിയോ പങ്കിട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് കണ്ടെത്തിയ മറ്റൊരു നേതാവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു: ദേശീയ ഗാനത്തിനിടെ രാഹുൽ അഭിസംബോധന ചെയ്ത പകുതി ആളുകളും പിന്നീട് എഴുന്നേറ്റു നിൽക്കാൻ പോലും കൂട്ടാക്കിയില്ല. പിന്നീട് അവർ ദേശീയഗാനം പാതിയിൽ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ആരോപണത്തെ എതിർത്ത് കോൺഗ്രസും രംഗത്തെത്തി.