അമേരിക്ക സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ - സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ഇവിടെ നടത്തുന്ന പ്രസംഗങ്ങളിലാണ് ബിജെപിക്ക് അതൃപ്തി

ദില്ലി: ഇന്ത്യൻ സമ്പദ് രംഗത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്ത്. രാജ്യത്തിന്റെ ജിഡിപി നിരക്ക് ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനം. രാഹുല്‍ ജിഎസ്ടിയെ ഗബ്ബാർ സിങ് ടാക്സ് എന്ന് പരിഹസിച്ചിരുന്നു. എന്നാൽ രാഹുല്‍ ഗാന്ധി സമ്പദ് രംഗത്തെ പുതിയ കണക്കുകള്‍ പഠിക്കണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ലോകം ഇന്ത്യയെ വാഴ്ത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ ഇകഴ്ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ ഫോണ്‍ ചോർത്തിയെന്ന രാഹുലിന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും പറഞ്ഞു.

അമേരിക്ക സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ - സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ഇവിടെ നടത്തുന്ന പ്രസംഗങ്ങളിലാണ് ബിജെപിക്ക് അതൃപ്തി. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ റഷ്യയോടുള്ള കേന്ദ്രസർക്കാർ നയത്തെ രാഹുൽ ഗാന്ധി പിന്തുണച്ചിരുന്നു. റഷ്യയോട് ഇന്ത്യക്ക് ഉള്ളത് അടുത്ത ബന്ധമാണെന്നും ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തന്നെയാണ് തനിക്കും ഉള്ളതെന്നും അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ സംവാദത്തില്‍ രാഹുല്‍ പറഞ്ഞു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ അയോഗ്യനാക്കപ്പെട്ടതിലൂടെ വലിയ അവസരമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player