
ദില്ലി: നാഷണല്‍ ഹെറാൾഡ് കേസില്‍ കർണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെയും സഹോദരനെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. യങ് ഇന്ത്യ ലിമിറ്റഡുമായി ഡി കെ ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഭാരത് ജോഡോ യാത്ര കർണാടകത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇ ഡി ഇരുവരെയും വിളിച്ചുവരുത്തിയത്.
അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവകുമാർ ഇഡി ഓഫീസിൽ നിന്നും മടങ്ങി. ഡി കെ ശിവകുമാറും ഡി കെ സുരേഷ് കുമാറും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ യങ് ഇന്ത്യ ലിമിറ്റഡിന് സംഭാവനയായി കൈമാറിയ പണത്തിന്‍റെ ഉറവിടത്തെ കുറിച്ചായിരുന്നു ഇഡി ചോദിച്ചറിഞ്ഞത്. പണത്തിന് കൃത്യമായ രേഖകള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ഡി കെ ശിവകുമാർ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിടടുള്ള ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് ചോദ്യം ചെയ്യലിന് ശേഷം ശിവകുമാര്‍ ട്വിറ്ററില്‍ ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ മാസവും ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാൾഡ് കേസില്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും നേരത്തെ ഇ ഡി ദിവസങ്ങളോളം ചോദ്യം ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം മറ്റ് നേതാക്കളിലേക്ക് എത്തുന്നത്.
Also Read : മുഖ്യമന്ത്രിക്കെതിരെ 'പേ സിഎം' കാമ്പയിന്‍; ഡി കെ ശിവകുമാര്‍ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
ഒരിടവേളയ്ക്ക് ശേഷം നാഷണല്‍ ഹെറാൾഡ് കേസില്‍ ഇഡി വീണ്ടും നടപടികൾ സജീവമാക്കുകയാണ്. തിരഞ്ഞെടുപ്പടുക്കവേ അന്വേഷണം വീണ്ടും ഗാന്ധികുടുംബത്തിലേക്ക് നീളുമോയെന്നാണ് ഇനിയറിയേണ്ടത്.
Also Read : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് ആശ്വാസം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam