കന്യാസ്ത്രീകള്‍ക്ക് എതിരായ അതിക്രമം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, 4 ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

By Web TeamFirst Published Apr 1, 2021, 6:00 PM IST
Highlights

മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. 

ദില്ലി: ത്സാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകൾ അധിക്ഷേപിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. യുപി സർക്കാരിനോടും, ഇന്ത്യൻ റെയിൽവേയോടുമാണ് റിപ്പോർട്ട് തേടിയത്. നാല് ആഴ്ചയ്ക്കുളളിൽ മറുപടി നൽകണം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. 

സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്‍റെ പ്രതികരണം. ഈ വിവാദം തുടരുന്നതിനിടെയാണ് യുപി പൊലീസിന്‍റെ റെയിൽവേ വിഭാഗം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ റെയിൽവെ പൊലീസ് എസ്പി സൗമിത്ര യാദവിനായിരുന്നു അന്വേഷണ ചുമതല. 

പരാതിയിൽ കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്‍റെ പുറത്തുവന്ന ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങശളും സാക്ഷി മൊഴികളും ശേഖരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റിപ്പോർട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കുമെന്ന് എസ്പി സൗമിത്ര യാദവ് വ്യക്തമാക്കി. എന്നാൽ കേസ് അന്വേഷണത്തിന്‍റെ തുടർച്ചയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് തിരുഹൃദയ സഭയുടെ ദില്ലി പ്രൊവിൻഷ്യൽ പിആ‌ർഒയുടെ പ്രതികരണം.

click me!