Latest Videos

ദിശ കൊലപാതക കേസ്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കുടുംബത്തിന്‍റെ മൊഴിയെടുത്തു

By Web TeamFirst Published Dec 8, 2019, 5:57 PM IST
Highlights

ഹൈദരാബാദിലെ പൊലീസ് അക്കാദമിയിലേക്ക് വിളിച്ച് വരുത്തിയാണ് കമ്മീഷൻ കുടുംബത്തെ കണ്ടത്. 

ഹൈ​ദരാബാദ്: ഹൈദരാബാദ് ദിശ കൊലപാതക കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുവതിയുടെ കുടുംബത്തിന്‍റെ മൊഴിയെടുത്തു.  കേസ് അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കുടുംബം കമ്മീഷന് മൊഴി നൽകി. ഹൈദരാബാദിലെ പൊലീസ് അക്കാദമിയിലേക്ക് വിളിച്ച് വരുത്തിയാണ് കമ്മീഷൻ കുടുംബത്തെ കണ്ടത്. മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതികളെ ജനകൂട്ടത്തിന്‍റെ നടുവിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജയബച്ചന്‍ പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ വെടിവച്ച് കൊന്നതോടെ പല കോണുകളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നിരുന്നു.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു.
 

click me!