'ബലാത്സംഗം ചെയ്യപ്പെട്ട ശേഷം വരൂ'; പീഡനശ്രമത്തിന് പരാതി നല്‍കാനെത്തിയ യുവതിയോട് ഉന്നാവ് പൊലീസ്

By Web TeamFirst Published Dec 8, 2019, 5:13 PM IST
Highlights

പീഡനശ്രമം നടന്നെന്ന് പരാതി നല്‍കാന്‍ ഉന്നാവ് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതിയുമായി വരാന്‍ പൊലീസ്. 

ഉന്നാവ്: പീഡനശ്രമം നടന്നുവെന്ന് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ബലാത്സംഗം നടന്ന ശേഷം പരാതിയുമായി വരാന്‍ ഉന്നാവ് പൊലീസ്. ഉന്നാവിലെ സിന്ദുപുര്‍ ഗ്രാമത്തിലാണ് സംഭവം. ഉന്നാവിലെ ബിഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതിയാണ് പൊലീസുകാര്‍ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  മരുന്ന് വാങ്ങാന്‍ പോകുന്ന വഴിമധ്യേ ഗ്രാമത്തിലെ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും താന്‍ അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. റാം മിലാന്‍, ഗുഡ്ഡു, റാം ബാബു എന്നീ യുവാക്കള്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ യുവതി പറയുന്നു.  ഹെല്‍പ്പ്ലൈന്‍ നമ്പരായ 1090ല്‍ വിളിച്ചപ്പോള്‍ 100ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100ല്‍ വിളിച്ചപ്പോള്‍ ഉന്നാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറയുകയായിരുന്നു.

ഉന്നാവ് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതി പരിഗണിക്കാതിരുന്ന പൊലീസ് ബലാത്സംഗം നടന്നതിന് ശേഷം പരാതിയുമായി വന്നാല്‍ സ്വീകരിക്കാമെന്ന് പറഞ്ഞ് യുവതിയെ മടക്കി അയച്ചു. ഉന്നാവ് പൊലീസ്  സ്റ്റേഷനിലും ബിഹാര്‍ സ്റ്റേഷനിലുമായി മൂന്ന് മാസം കയറിയിറങ്ങിയെങ്കിലും ആരും തന്‍റെ പരാതി സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. 

click me!