
ദില്ലി: സിപിഐ യുടെ ദേശീയ പാർട്ടി പദവി തുടരുന്ന കാര്യത്തിലെ അന്തിമ തീരുമാനം എടുക്കുന്നതിന് താത്കാലിക അവധി തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്. ശരത് പവാർ നയിക്കുന്ന എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനം പരിഗണിച്ച് എടുക്കില്ലെന്നാണ് വിവരം.
മൂന്ന് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പാർട്ടികൾക്കും ദേശീയ പാർട്ടി പദവി സംരക്ഷിക്കാൻ ഒരവസരം കൂടി ലഭിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
മൂന്ന് പാർട്ടികളുടെയും പ്രതിനിധികൾക്ക് ഇക്കാര്യത്തിൽ നേരിട്ട് വിശദീകരണം നൽകാൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നു. ഇവരുടെ വാദം കമ്മിഷൻ കേട്ടതുമാണ്. എന്നാൽ കൂടുതൽ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് എടുത്തിരിക്കുന്നത്.
ദേശീയ പാർട്ടി പദവി നേടാൻ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി വേണമെന്ന നിബന്ധന കൂടിയുണ്ട്. എന്നാൽ സിപിഐക്ക് ഇപ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്. മഹാരാഷ്ട്രയിലും നാഗാലാന്റിലും സംസ്ഥാന പാർട്ടി പദവിയുള്ള എൻസിപിക്ക് മേഘാലയയിലും ഗോവയിലും ഈ പദവി നഷ്ടമായി. പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് ത്രിപുരയിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam