അസം മോഡല്‍ പൗരത്വ പട്ടിക ഹരിയാനയിലും നടപ്പാക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

By Web TeamFirst Published Sep 16, 2019, 9:03 AM IST
Highlights

ഖട്ടറിന്‍റെ പ്രസ്താവനയില്‍ പുതിയതായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കി.

പഞ്ച്ഗുള: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി മുഖ്യമന്ത്രിമാര്‍. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ, അസം മാതൃകയില്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കി അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി ഹരിയാന മുഖ്യമന്ത്രി ലാല്‍ മനോഹര്‍ ഖട്ടറും രംഗത്തെത്തി. ജാര്‍ഖണ്ഡിലും പൗരത്വ പട്ടിക തയ്യാറാക്കുമെന്ന മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പഞ്ച്ഗുളയില്‍ റിട്ട. ജസ്റ്റിസ് എച്ച് എസ് ഭല്ല, നേവി മുന്‍ തലവന്‍ സുനില്‍ ലംബ എന്നിവരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖട്ടര്‍. എന്‍ആര്‍സി നടപ്പാക്കുന്നതിനായി സംസ്ഥാനത്തെ പ്രമുഖരുടെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. എച്ച് എസ് ബല്ലയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും അദ്ദേഹത്തിന്‍റെ പിന്തുണ തേടിയെന്നും ഖട്ടര്‍ പറഞ്ഞു. രാജ്യത്താകമാനം പൗരത്വ പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഖട്ടറിന്‍റെ പ്രസ്താവനയില്‍ പുതിയതായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കി. ഖട്ടര്‍ പറഞ്ഞത് നേരത്തെ ഇവിടെ നിയമമാണ്. വിദേശീയര്‍ക്ക് അനധികൃതമായി താമസിക്കാന്‍ പാടില്ല. അത്തരക്കാരെ കണ്ടെത്തി തിരിച്ചയക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസമാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

click me!