നാളെ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്: മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം

By Web TeamFirst Published Jul 30, 2019, 11:22 AM IST
Highlights

24 മണിക്കൂർ പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സർക്കാർ - സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.

ദില്ലി: ദേശ വ്യാപകമായി ഡോക്ടർമാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്‍റിൽ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂർ പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.

ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്സഭയില്‍ പാസ്സാക്കിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്‍റെ മാനദണ്ഡം, കേന്ദ്രസർക്കാർ നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. 

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം - എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ. 

click me!