മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ കീർത്തനങ്ങൾ ചൊല്ലി പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച കേസിൽ അറസ്റ്റിലായ അമരാവതി എംപി നവനീത് റാണെയ്ക്കും ഭർത്താവും എംഎൽഎയുമായ രവി റാണെയ്ക്കുമെതിരെ മുംബൈ കോർപറേഷൻ. റാണെ ദമ്പതിമാരുടെ മുംബൈയിലെ വസതിയിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്ന പരാതിയിലാണ് കോർപറേഷൻ അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ ഉദ്യോഗസ്ഥ സംഘം ഈ വീട്ടിൽ പരിശോധന നടത്തും. ചട്ടലംഘനങ്ങൾ കണ്ടെത്തിയാൽ പൊളിച്ച് നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
റാണെ ദമ്പതിമാരുടെ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. അതേസമയം ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന രംഗത്ത് വന്നിട്ടുണ്ട്. അധോലോക നേതാക്കളുമായി എംപി നവനീത് റാണയ്കക്ക് ബന്ധമുണ്ടെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചത്. അധോലോക നേതാവ് യൂസഫ് ലക്കഡേവാലയുമായി 80 ലക്ഷത്തിന്‍റെ ഇടപാടുകൾ നവനീത് റാണെ നടത്തിയിട്ടുണ്ട്. യൂസഫിനെതിരായ കേസുകൾ അന്വേഷിച്ച ഇഡി ഇക്കാര്യം പരിശോധിക്കാതെ വിട്ടുകളെഞ്ഞെന്നും റാവത്ത് ആരോപിച്ചു. നവനീത് റാണെ, ബൈക്കുള വനിതാ ജയിലിലും ഒപ്പം അറസ്റ്റിലായ ഭർത്താവ് രവി റാണെ തലോജ ജയിലിലുമാണ് ഇപ്പോൾ ഉള്ളത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീട്ടിൽ പോയി ഹനുമാൻ കീർത്തനങ്ങൾ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് ശേഷമുണ്ടായ സംഘർഷങ്ങളുടെ പേരിലാണ് ദമ്പതിമാർ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam