കര്‍ത്താര്‍പുര്‍ ഇടനാഴി; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നവജ്യോത് സിംഗ് സിദ്ധുവിന് അനുമതി

By Web TeamFirst Published Nov 7, 2019, 7:32 PM IST
Highlights

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്‍റെ യാത്രയുടെ കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ലെന്ന് നവ്ജ്യോത് സിംഗ് സിദ്ധു നേരത്തെ പറഞ്ഞിരുന്നു. 

ദില്ലി: കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന് അനുമതി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്‍റെ യാത്രയുടെ കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ലെന്ന് നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മൂന്നാമതും സിദ്ധു കേന്ദ്രത്തിന് കത്തയച്ചതോടെയാണ് അനുമതി ലഭിച്ചത്. 
കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ട്. വിനീതനായ സിഖ് മതവിശ്വാസിയെന്ന നിലയില്‍ ആ ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനമായി കാണുന്നു. അതുകൊണ്ട് സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നായിരുന്നു സിദ്ദു മുമ്പ് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം കർത്താര്‍പുർ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ നടപടികള്‍ സംബന്ധിച്ച വിഷയത്തില്‍ പാകിസ്ഥാന്‍ നിലപാട് മാറ്റി. സിഖ് തീർത്ഥാടകർക്ക് പാസ്പോർട്ടില്ലാതെ പ്രവേശനം നല്‍കും എന്ന ഇമ്രാൻ ഖാന്‍റെ പ്രഖ്യാപനം സൈന്യം തിരുത്തി. സുരക്ഷ പരിഗണിച്ച് പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയില്‍ നിന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാക് സേനാ വക്താവ് ആസിഫ് ഗഫൂർ വ്യക്തമാക്കി. 

പാസ്പോർട്ടിന് പകരം ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്നായിരുന്നു ഇമ്രാന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി അറിയിക്കാത്തത് ഇന്ത്യയിൽ ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് സൈനിക വക്താവിന്‍റെ പുതിയ പ്രഖ്യാപനം വരുന്നത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട കരാർ അനുസരിച്ച് പാസ്പോർട്ടാണ് അം​ഗീകൃതരേഖയെന്നും അതു മാറ്റണമെങ്കിൽ ഇരുരാജ്യങ്ങളുടേയും സമ്മതം വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 


 

click me!